സംസ്ഥാനത്ത് ഒന്നാംക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെ; കേന്ദ്ര നിർദേശം തള്ളി

സംസ്ഥാനത്ത് ഒന്നാംക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെ; കേന്ദ്ര നിർദേശം തള്ളി

സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വർധിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി
Updated on
2 min read

സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാംക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് വയസായി തന്നെ തുടരും. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിലാണ് കേരളത്തിന്റെ തീരുമാനം. അഞ്ച് വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കുക എന്നത് സംസ്ഥാനത്ത് ഏറെ കാലമായി തുടരുന്ന രീതിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

അഞ്ചാം വയസില്‍ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അധ്യയന വർഷവും അവസരമുണ്ടാകും

സമൂഹത്തെ ബോധ്യപ്പെടുത്തിയും വിശ്വാസത്തിലെടുത്തും മാത്രമെ ആറ് വയസാക്കുക എന്ന തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി. അതുകൊണ്ടു തന്നെ അഞ്ചാം വയസില്‍ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അധ്യയന വർഷവും അവസരം നല്‍കും.

ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോകുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ദേശീയ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി കൊഴിഞ്ഞുപോക്ക് അധികമില്ലാതെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠനം ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ട്. ദേശീയാടിസ്ഥാനത്തില്‍ ശരാശരി സ്കൂളിങ്‌ 6.7 വർഷമാണെങ്കില്‍ കേരളത്തില്‍ 11 വർഷത്തിൽ കൂടുതലാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു

കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിന്റെ ഭാഗമായി പ്രവേശന നടപടികളില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലെന്ന വാദം ഉയർത്തിയായിരുന്നു കേന്ദ്ര നിര്‍ദേശം.

ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച്, 5+3+3+4 എന്ന രീതിയാണെന്നിരിക്കെ പല സംസ്ഥാനങ്ങളിലും അഞ്ചാം വയസില്‍ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിര്‍ദേശം കടുപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന ഘടനയിലാണ് മുന്നോട്ട് പോകുന്നത്. മൂന്ന് വര്‍ഷത്തെ പ്രീ സ്‌കൂളും ഒന്നും രണ്ടും ക്ലാസും ചേര്‍ന്നാണ് അഞ്ച് വര്‍ഷമുള്ള ഒന്നാം ഘട്ടം. മൂന്ന്, നാല്, അഞ്ച് ക്ലാസുകള്‍ ചേരുന്നതാണ് രണ്ടാം ഘട്ടം. ആറുമുതല്‍ എട്ടുവരെ മൂന്നാംഘട്ടം. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ അവസാന ഘട്ടം എന്ന നിലയിലാണ് ഈ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് വര്‍ഷം പ്രീ സ്‌കൂളിങ് ഉറപ്പാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

എന്നാല്‍ പല സംസ്ഥാനങ്ങളിലും പ്രീ സ്‌കൂള്‍ സംവിധാനം കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ ഒന്നാം ക്ലാസിലെത്തുന്നു. അവരെ നോക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരില്ലാത്ത സാഹചര്യം വരും. ഇത് കുട്ടികളുടെ മാനസികമായ വളര്‍ച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ മൂന്ന് വര്‍ഷം പ്രീ സ്‌കൂളിങ് ഉറപ്പാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. യോഗ്യരായ അധ്യാപകരെ സൃഷ്ടിക്കാന്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജ്യൂക്കേഷന്‍ (ഡിപിഎസ്ഇ) കോഴ്‌സ് രൂപകല്പന ചെയ്യുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in