നേഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണം; മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി

നേഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണം; മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി

ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും ഉത്തരവിലുണ്ട്.
Updated on
1 min read

നേഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ഇതിനായി സര്‍ക്കാര്‍ ആവശ്യപ്രകാരം മൂന്ന് മാസത്തെ സാവകാശം നല്‍കി. ആശുപത്രി മാനേജ്‌മെന്റുകളുടെയും നേഴ്‌സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും ഉത്തരവിലുണ്ട് ആശുപത്രി മാനേജ്മെന്റും നഴ്‌സിങ് സംഘടനയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

2018ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്. വ്യാപക സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും പിന്നാലെയാണ് 2018ല്‍ നേഴ്‌സുമാരുടെ മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിച്ചത്. അത് പുനഃപരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയായും പരമാവധി 30,000 രൂപയായുമാണ് അന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ ഇതിനെതിരെ മാനേജ്‌മെന്റും നേഴ്‌സുമാരും വ്യത്യസ്ത ഹര്‍ജികളുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഉയര്‍ന്ന ജീവിത ചെലവുള്ളപ്പോള്‍ ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്നാണ് നേഴ്‌സുമാരുടെ വാദം.

സര്‍ക്കാര്‍ സര്‍വീസില്‍ ഒരു നേഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ നിലയിലേക്ക് സ്വകാര്യ മേഖലയിലെ നേഴ്‌സുമാരെ കൂടി ഉയര്‍ത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. തങ്ങളോട് ആലോചിക്കാതെ 2018ല്‍ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ മിനിമം വേതനം പ്രഖ്യാപിച്ചതെന്നാണ് മാനേജ്‌മെന്റുകള്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് മേനേജ്‌മെന്റിനേയും നഴ്സുമാരേയും കേട്ട് മിനിമം വേതനം തീരുമാനിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്.

ശമ്പള വർധന, പ്രതിദിന വേതനം 1500 രൂപയാക്കുക, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ നാലാം തീയതി സ്വകാര്യ മേഖലയിലെ നേഴ്സുമാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in