ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് ആന്റണി രാജു പിന്മാറി; കേന്ദ്രസേന വരുന്നത് കോടതി തീരുമാനിക്കുമെന്ന് മന്ത്രിമാര്‍

ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് ആന്റണി രാജു പിന്മാറി; കേന്ദ്രസേന വരുന്നത് കോടതി തീരുമാനിക്കുമെന്ന് മന്ത്രിമാര്‍

വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനി ഗ്രൂപ്പ്; സംസ്ഥാന സര്‍ക്കാരിന് അത് എതിര്‍ക്കേണ്ട ആവശ്യമില്ലെന്ന് ആന്റണി രാജു
Updated on
1 min read

ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് ആന്റണി രാജു പിന്മാറി. കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ നടക്കുന്ന പരിപാടിയിലേക്കാണ് മന്ത്രിയെ ക്ഷണിച്ചിരുന്നത്. തിരക്കുള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്നാണ് മന്ത്രി സംഘാടകരെ അറിയിച്ചത്. എന്നാല്‍ കൊച്ചിയിലെ മറ്റ് പരിപാടികളില്‍ മന്ത്രി പങ്കെടുക്കുന്നുണ്ട്. തിരക്കുള്ളതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും ആന്റണി രാജു വ്യക്തമാക്കി. പരിപാടിയില്‍ നിന്ന് പിന്മാറിയതും വിഴിഞ്ഞവുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനി ഗ്രൂപ്പാണെന്നും സംസ്ഥാന സര്‍ക്കാരിന് അത് എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ആന്റണി രാജു. കോടതിയില്‍ അദാനി ഗ്രൂപ്പാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആവശ്യം നിരസിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല. വ്യവസായ പദ്ധതികള്‍ക്ക് കേന്ദ്ര സേന സുരക്ഷ ഒരുക്കുന്നത് പുതിയ കാര്യമല്ല. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

വിഴിഞ്ഞത്തെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ നിരവധി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മന്ത്രിമാര്‍ സമരസമിതിയുമായും ബന്ധപ്പെട്ടവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ടും വിഷയത്തില്‍ ഇടപെട്ടു. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ എപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

വിഴിഞ്ഞം സമരത്തെ ഹൈജാക്ക് ചെയ്തുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസുകാരും നേതാക്കളും അണികളുമാണ്. തീരപ്രദേശത്ത് ഇടതുപക്ഷത്തിന് പിന്തുണ വര്‍ദ്ധിച്ചു വരുന്നതില്‍ അസ്വസ്ഥരായ കോണ്‍ഗ്രസുകാര്‍, അവര്‍ നിര്‍ജീവമാകുന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടിയാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടുന്നതെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം സമരത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആവര്‍ത്തിച്ചു. പിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടോയെന്ന് പോലീസ് അന്വേഷിക്കട്ടെ. കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇനി കോടതി തീരുമാനം എടുക്കട്ടെയെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി.

അതേസമയം വിഴിഞ്ഞം സംഘര്‍ഷത്തില്‍ ഇന്നലെ മാത്രം നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എസ്ഐക്കെതിരായ വധശ്രമത്തിലുള്‍പ്പെടെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നാല് കേസുകളിലായി 69 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. തുറമുഖ നിര്‍മാണം തടസപ്പെടുത്തിയതിനാണ് മൂന്ന് കേസുകള്‍.രണ്ട് കേസുകളില്‍ ഫാദര്‍ യൂജിന്‍ പെരേരയാണ് ഒന്നാം പ്രതി.

logo
The Fourth
www.thefourthnews.in