'മാനും കൃഷ്ണമൃഗവും ചത്തത് ശരി തന്നെ'; തിരുവനന്തപുരം മൃഗശാലയില്‍ മന്ത്രിയുടെ മിന്നൽ സന്ദർശനം
തിരുവനന്തപുരം മൃഗശാലയിൽ മൃഗ സംരക്ഷണവകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ മിന്നൽ സന്ദർശനം. ക്ഷയരോഗം ബാധിച്ച് മൃഗങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി മൃഗശാല സന്ദർശിച്ചത്. വിഷയത്തില്‍ മന്ത്രി നേരത്തെ മൃഗശാല ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. അതേസമയം, മൃഗശാലയില്‍ അടുത്തിടെയായി മാനും കൃഷ്ണമൃഗങ്ങളും ചത്ത സംഭവം ശരിയാണ്. എന്നാൽ മൃഗശാല അടച്ചിടേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു.
2022 ഏപ്രിലിനു ശേഷമുള്ള കണക്കുകൾ പ്രകാരം രോഗബാധിതരായ 53 മൃഗങ്ങളാണ് ചത്തത്. ഇതിൽ കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളും ഉൾപ്പെടും. കടുവകൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒന്നിച്ചു പാർപ്പിച്ചിരുന്ന ഇവയെ പ്രത്യേക കൂടുകളിലാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിന്റെ (സിയാഡ്) റിപ്പോർട്ട് ഉടൻ ലഭിക്കും.
മൃഗങ്ങൾക്ക് ക്ഷയരോഗമുള്ളതിനിടെ തണുപ്പ്കൂടി ബാധിച്ചാൽ മരണം പെട്ടെന്ന് സംഭവിക്കാമെന്നും മന്ത്രിപറഞ്ഞു. ഇവിടെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇതേ സ്ഥിതി ഉണ്ടെന്നുംപ്രതിരോധ മരുന്നുകൾ നൽകി വരികയാണ്. ഇതിനിടെ രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാർമൃഗങ്ങളെ ശുശ്രൂക്ഷിക്കുന്നവർ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും മന്ത്രി പറഞ്ഞു. പ്രത്യേകം ഷൂ ,ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. അതേസമയം കൂടുതൽ മൃഗങ്ങളെയും പക്ഷികളെയും മൃഗശാലയിലേക്ക് കൊണ്ടുവരും. സന്ദർശകരിലേക്ക് രോഗം പകരില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൃഷ്ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്ന് ഔദ്യോഗികമായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. സ്വപ്‌നയും സംഘവും പരിശോധന ശക്തമാക്കിയിരുന്നു. മൃഗങ്ങളിൽ രോഗ ലക്ഷണം കണ്ടാൽ അവയെ എത്രയും പെട്ടെന്നു കൂട്ടത്തിൽനിന്നു മാറ്റിനിർത്തി പരിചരിക്കണമെന്ന് സംഘം നിർദേശിച്ചിരുന്നു. നിലവിൽ 52 കൃഷ്ണമൃഗങ്ങളും 166 പുള്ളിമാനുകളുമാണ് മൃഗശാലയിലുള്ളത്.
അതേസമയം, വൃത്തിഹീനമായ സാഹചര്യങ്ങൾ കാരണം രോഗം പരത്തുന്ന ഈച്ചകളുടെ ശല്യം മൃഗശാലയിൽ വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്.