മാവേലിക്കരയിലെ കാഴ്ച പരിമിതരുടെ വീട് ജപ്തി ചെയ്യില്ല; വിഷയത്തിൽ സഹകരണ മന്ത്രിയുടെ ഇടപെടൽ

മാവേലിക്കരയിലെ കാഴ്ച പരിമിതരുടെ വീട് ജപ്തി ചെയ്യില്ല; വിഷയത്തിൽ സഹകരണ മന്ത്രിയുടെ ഇടപെടൽ

ശിവശങ്കര പിള്ളയുടെ കുടുംബത്തിന്റെ ദുരവസ്ഥ പുറത്തുകൊണ്ടുവന്ന ദ ഫോർത്ത് വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടത്
Updated on
1 min read

കാഴ്ചശക്തിയില്ലാത്ത മാവേലിക്കര താഴേക്കരയിലെ ശിവശങ്കര പിള്ളയുടെ വീടിൻ്റെ ജപ്തി തൽക്കാലത്തേക്ക് ഉണ്ടാവില്ല. ശിവശങ്കര പിള്ളയുടെ കുടുംബത്തിന്റെ ദുരവസ്ഥ പുറത്തുകൊണ്ടുവന്ന ദ ഫോർത്ത് വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടു. മാങ്കാകുഴി സർവീസ്‌ സഹകരണ ബാങ്കിന് വായ്പ തുക തിരിച്ചുപിടിക്കാനായി തുടങ്ങിയ എല്ലാ നടപടികളും രണ്ടുമാസത്തേക്ക് നിർത്തിവയ്ക്കാനുള്ള നിർദേശം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ കഴിഞ്ഞ ദിവസം നൽകി. 

നിലവിൽ ജപ്തി നടപടികൾക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരിക്കുകയാണ്. ശിവശങ്കരപിള്ള നൽകിയ ഹർജിയിൽ ജസ്റ്റിസ് ടി ആർ രവിയാണ് സ്റ്റേ അനുവദിച്ചത്. സ്റ്റേ നീക്കം ചെയ്ത് ജപ്തി നടപടികൾ ആരംഭിക്കാനുള്ള ശ്രമം ബാങ്ക് തുടങ്ങാനിരിക്കവെയാണ് സഹകരണ മന്ത്രി വി എൻ വാസവൻ വിഷയത്തിൽ ഇടപെടുന്നത്. ജപ്തി ഒഴിവാക്കി ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ തുക തിരിച്ചുപിടിക്കാൻ എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കാനാണ് ജോയിന്റ് രജിസ്ട്രാർ ബാങ്കിന് നൽകിയിരിക്കുന്ന നിർദേശം. ദ ഫോർത്ത് വാർത്തയെ തുടർന്ന് പലരും സഹായവാഗ്ദാനവുമായി കുടുംബത്തെ ബന്ധപ്പെട്ടിട്ടുണ്ട്. മാവേലിക്കര എംഎൽഎ അരുൺ കുമാറും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

മാവേലിക്കരയിലെ കാഴ്ച പരിമിതരുടെ വീട് ജപ്തി ചെയ്യില്ല; വിഷയത്തിൽ സഹകരണ മന്ത്രിയുടെ ഇടപെടൽ
80കാരി ഉള്‍പ്പെടെ മൂന്ന് അന്ധരുള്ള ദരിദ്ര കുടുംബത്തിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്; ഇനി പ്രതീക്ഷ കോടതിയില്‍

പാരമ്പര്യമായി അന്ധതയുള്ള  കുടംബമാണ് ശിവശങ്കര പിള്ളയുടേത്. 80 വയസുള്ള മുത്തശ്ശി ഉൾപ്പെടെ മൂന്നു പേരാണ് ഈ വീട്ടിൽ കാഴ്‌ചശക്തി ഇല്ലാതെ കഴിയുന്നത്. അനാരോഗ്യം കാരണം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ശിവശങ്കര പിള്ളയും.

വീട് നിർമിക്കാനായാണ്  മാങ്കാകുഴി സഹകരണ ബാങ്കിൽ നിന്നും ഇദ്ദേഹം നാല് ലക്ഷം രൂപ കടമെടുത്തത്.  മുതലും പലിശയും ചേർത്ത് 10 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക്  അറിയിപ്പ് നൽകിയത്. ജപ്തി പ്രഖ്യാപിച്ച ബാങ്ക് വീടിന് ചുറ്റും കുറ്റിയടിച്ചതിനെ തുടർന്നാണ് ശിവശങ്കര പിള്ള ഹൈക്കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in