തെരുവ് നായ ഭീഷണി ഗുരുതരമെന്ന് എം ബി രാജേഷ്; അക്രമകാരികളായ നായ്ക്കളെ കൊല്ലണമെന്ന ആവശ്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും
സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാനത്തിന് നിരവധി പരിമിതികളുണ്ട്. ആ പരിമികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമാണ് പ്രശ്നത്തിന് പരിഹാരം കാണാനാവുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. തെരുവുനായ പ്രശ്നത്തില്‍ ഉദ്യോഗസ്ഥതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമകാരിയായ നായ്‌ക്കളെ കൊല്ലണമെന്നാവശ്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിനായി മൃഗസ്നേഹികളുടെ സംഘടയുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി
പ്രശ്ന പരിഹാരത്തിനായി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മൃഗസ്നേഹികളുടെ സംഘടയുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. അവരുടെ സഹകരണത്തോടു കൂടിമാത്രമേ നടപടികളുമായി മുന്നോട്ടു പോകാനാവുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ 20 എബിസി കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ 25 എബിസി കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും. മൊബൈല്‍ എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥല സൗകര്യമുള്ള ഡിസ്പെന്‍സറികളിലും മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും. അതിനുള്ള പണം തദ്ദേശ വകുപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കയ്യും കാലും കെട്ടി പട്ടിക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ ചട്ടങ്ങള്‍
നിലവിലുള്ള എബിസി റൂള്‍സ് തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്ന തരത്തിലുള്ളതാണെന്നും മന്ത്രി ആരോപിച്ചു. സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കയ്യും കാലും കെട്ടി പട്ടിക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ ചട്ടങ്ങള്‍. ഇത് ആരാണ് എഴുതിയുണ്ടാക്കിയത് എന്ന കാര്യത്തില്‍ അത്ഭുതം തോന്നും. ഈ ചട്ടങ്ങളുമായി മുന്നോട്ട് പോകുക എന്നത് അസാധ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നതിന് പകരം ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.