തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍; നാളെ ഉന്നതതല യോഗം ചേരും

തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍; നാളെ ഉന്നതതല യോഗം ചേരും

തെരുവു നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കും
Updated on
1 min read

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരം കാണാന്‍ ഇടപെടലുമായി സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സുപ്രീംകോടതി കൂടി ഇടപെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി. തെരുവുനായ ശല്യം നിയന്ത്രിക്കാനായി സര്‍ക്കാര്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബ്ലോക്ക് അടിസ്ഥാനത്തില്‍ എബിസി സെന്ററുകള്‍ തുറക്കും. വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന കര്‍മപദ്ധതിയാകും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിക്കുക.

മൃഗസംരക്ഷണ വകുപ്പിന്റെ കര്‍മപദ്ധതി

ആദ്യഘട്ടമായി എല്ലാ കോര്‍പറേഷനുകളിലും, രണ്ട് ബ്ലോക്കുകള്‍ക്ക് ഒന്ന് എന്ന നിലയിലും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പദ്ധതി മുഴുവന്‍ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സെപ്റ്റംബര്‍ 15 നകം പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. വളര്‍ത്തുനായകളുടെ വാക്സിനേഷന് നിലവില്‍ ഈടാക്കുന്ന തുക തന്നെ ഇതിനും നല്‍കിയാല്‍ മതിയാകും. എല്ലാവര്‍ഷവും സെപ്റ്റംബര്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മാസമാക്കും.

മുനിസിപ്പാലിറ്റികള്‍ എബിസി കേന്ദ്രങ്ങള്‍ സ്വയം ആരംഭിക്കുകയോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് എബിസി നടപ്പിലാക്കുകയോ ചെയ്യാം. ജില്ലാതലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി കര്‍മ പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. പ്രാദേശികതലത്തില്‍ വെറ്റിറിനറി, സീനിയര്‍ വെറ്ററിനറി സര്‍ജനായിരിക്കും എബിസി കേന്ദ്രത്തിന്റെ മേല്‍നോട്ടച്ചുമതലയുണ്ടാവുക.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുകയാണ്. അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസുകാരിയെ വീട്ടുമുറ്റത്ത് വെച്ച് നായ കടിച്ചു. മുഖത്ത് കടിയേറ്റ കുട്ടി കോട്ടത്തറ ആശുപത്രയില്‍ ചികിത്സയിലാണ്.

logo
The Fourth
www.thefourthnews.in