വായ്പ നിഷേധിച്ചത് സിബിൽ കുറഞ്ഞതിനാലെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞു; 'ദ ഫോർത്ത്' വാർത്തയ്ക്ക് നന്ദി പറഞ്ഞ് കൃഷിമന്ത്രി
ആലപ്പുഴ തകഴിയിൽ കർഷകനായ കെ ജി പ്രസാദിന് ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടത് സിബിൽ സ്‌കോർ കുറവായതുകൊണ്ടെന്ന ആരോപണം തെറ്റാണെന്ന ദ ഫോർത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ നന്ദി പറഞ്ഞ് മന്ത്രി പി പ്രസാദ്. മാധ്യമ പ്രവർത്തനം ഇങ്ങനെയൊക്കെയാണ് മുന്നോട്ടുപോകേണ്ടതെന്ന് വാർത്ത കാണിച്ചുതരുന്നെന്നും ബാങ്കുകൾ പറയുന്നതിനെ ഇപ്പോഴും പൂർണമായി വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നാണ് കൃഷിവകുപ്പിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നടത്തിയ അന്വേഷണത്തിലും ആദ്യം ബോധ്യമായത് സർക്കാറിന്റെ ഏതെങ്കിലും തരത്തിലുള്ള പിഴവ് കൊണ്ടല്ല പ്രസാദ് എന്ന കർഷകൻ ആത്മഹത്യ ചെയ്തതെന്നാണ് വ്യക്തമായതെന്നും സർക്കാരിനെ വേട്ടയാടാൻ വേണ്ടി കാത്തുകെട്ടി നിന്ന ഒരു വിഭാഗവും മാധ്യമങ്ങളും സർക്കാരിനെതിരെ എടുത്ത് ഉപയോഗിക്കാൻ കിട്ടിയ വടിയായി അത് ഉപയോഗിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
പിആർഎസ് ആയി കൊടുത്ത വായ്പകൾ ഒന്നും ഓവർ ഡ്യൂ ആയിട്ടില്ല എന്ന് ബാങ്കുകൾതന്നെ പറയുന്നു. പിആർഎസിന്റെ പേരിൽ ഒരാളും ഇപ്പോൾ കടക്കാരനായി പരിഗണിക്കപ്പെടുന്നില്ല എന്നാണർഥം. അതുകൊണ്ടുതന്നെ സിബിൽ സ്‌കോർ കുറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മരണത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് മനസിലാക്കുന്നതിന് പകരം സർക്കാരിനെതിരെ ആഞ്ഞടിക്കുക എന്നതായിരുന്നു ഒരു വിഭാഗത്തിന്റെ ലക്ഷ്യം. പ്രസാദ് മരണക്കുറിപ്പിലും വീഡിയോയിലും പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സർക്കാർ ഗൗരവമായി പരിശോധിച്ചു. പിആർഎസ് വായ്പകൾ സമയത്തടക്കുന്നത് കൊണ്ടാണ് കർഷകരുടെ സിബിൽ സ്‌കോർ വർധിക്കുന്നത്. സർക്കാർ വീഴ്ച കൊണ്ടല്ല അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ആരോ എവിടെയോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
വായ്പയ്ക്കായി സമീപിച്ചപ്പോൾ ബാങ്കുകളാണ് അദ്ദേഹത്തോട് ഈ കാര്യം പറഞ്ഞത്. അപേക്ഷ രജിസ്റ്റർ ചെയ്തില്ല എന്നതിന്റെ പേരിൽ ബാങ്കിൽ ചെന്നിട്ടില്ല എന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകൾ പറയുന്നതിനെ ഇപ്പോഴും പൂർണമായി വിശ്വാസത്തിൽ എടുക്കുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ കാരണങ്ങളാൽ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം അത്യന്താപേക്ഷിതമാണ്. ആരാണ് അദ്ദേഹത്തെ അവഗണിച്ചത്? അവഗണനയുടെ വേദനയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു.
ഗവർണർ കർഷകന്റെ വീട് സന്ദർശിച്ചതിൽ കുറ്റം പറയില്ലെന്നും മന്ത്രി പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പറയുന്നതിന്റെ ഒപ്പം അഭിപ്രായ പ്രകടനം നടത്തുന്നതു മാത്രമേ തെറ്റായി കാണുന്നുള്ളൂ. പ്രതിപക്ഷ മര്യാദയുടെ അതിർത്തികൾ ലംഘിക്കപ്പെടുന്നുഒരു മനുഷ്യന്റെ വേദനയെയും നൊമ്പരത്തെയും ആയുധമാക്കാൻ കഴിയുമെന്നും എതിരാളിക്കെതിരെ പ്രയോഗിക്കാൻ കഴിയുമോ എന്നും നോക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകൾ വായ്പ അനുവദിക്കാവുന്ന അളവിൽ കെ ജി പ്രസാദിന് സിബിൽ സ്‌കേ്ാർ ഉണ്ടായിരുന്നെന്നും 808 ആണ് അദ്ദേഹത്തിന്റെ സിബിൽ സ്‌കോർ എന്നും ദ ഫോർത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വായ്പ അനുവദിക്കാൻ മാത്രമല്ല, പലിശ ഇളവ് പോലും ലഭിക്കാൻ പാകത്തിലുള്ള സിബിൽ സ്‌കോർ ആണിത്.
നേരത്തെ പ്രസാദ് എടുത്ത വായ്പ അടച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നതായും ദ ഫോർത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. 2011 ൽ കാർഷിക വായ്പയായി എടുത്ത 25,000 രുപയുടെ അടവ് മുടങ്ങിയിരുന്നു. ഒടുവിൽ 2021 ജനുവരി 15ന് ഒറ്റത്തവണയായി ഇത് തീർപ്പാക്കിയതാണ്. ഇങ്ങനെ അടവ് മുടങ്ങിയവർക്ക് വേണമെങ്കിൽ ബാങ്കുകൾക്ക് വായ്പ നിഷേധിക്കാവുന്നതാണ്. ഇത് ബാങ്കുകളുടെ വിവേചനാധികാരത്തിൽ പെടുന്ന കാര്യമാണ്. എന്നാൽ ഇക്കാരണം കൊണ്ടാണ് വായ്പ നിഷേധിക്കപ്പെട്ടതെന്നതിനും തെളിവുകൾ ഇല്ല. കാരണം പ്രസാദിന് വായ്പ അനുവദിക്കാൻ അർഹതയുണ്ടോയെന്ന് രണ്ടു വർഷത്തിനിടെ ഒരു ബാങ്കും പരിശോധിച്ചിട്ടില്ലെന്നും ദ ഫോർത്തിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.