'വിദ്യാർഥികൾക്ക് അവബോധമില്ലാതെ പോയത് അപലപനീയം'; മഹാരാജാസ് സംഭവത്തിൽ മന്ത്രി ആർ ബിന്ദു

'വിദ്യാർഥികൾക്ക് അവബോധമില്ലാതെ പോയത് അപലപനീയം'; മഹാരാജാസ് സംഭവത്തിൽ മന്ത്രി ആർ ബിന്ദു

കാഴ്ച്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർഥികൾ ക്ലാസ് മുറിയിൽ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് മഹാരാജാസിൽ നടന്ന സംഭവങ്ങൾ ചർച്ചയായത്
Updated on
1 min read

എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽ അവഹേളിച്ച സംഭവത്തെ ശക്തമായി അപലപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കാഴ്ച പരിമിതിയുള്ള അധ്യാപകന് നേരെ ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്ത വിദ്യാർഥികൾക്കെതിരെ കോളജ് അധികൃതർ നടപടി കൈകൊണ്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നതെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

'വിദ്യാർഥികൾക്ക് അവബോധമില്ലാതെ പോയത് അപലപനീയം'; മഹാരാജാസ് സംഭവത്തിൽ മന്ത്രി ആർ ബിന്ദു
'മഹാരാജാസിലേത് ആദ്യ അനുഭവമല്ല, ജീവിതത്തിൽ ഉടനീളമുണ്ടായിട്ടുണ്ട്': വിദ്യാർഥികൾ അപമാനിച്ച കാഴ്ചപരിമിതിയുള്ള അധ്യാപകന്‍

"ഉൾക്കൊള്ളൽ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്നു പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതിൽ ചിലർക്കായാൽ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്. ഭാഷ തൊട്ട് ദൈനംദിന ജീവിതവ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണം. " മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

കാഴ്ച്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർഥികൾ ക്ലാസ് മുറിയിൽ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് മഹാരാജാസിൽ നടന്ന സംഭവങ്ങൾ ചർച്ചയായത്. അധ്യാപകൻ ക്ലാസിൽ പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾ മൊബൈൽ ഫോൺ നോക്കിയിരിക്കുകയും കസേര വലിച്ചു മാറ്റുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു മറ്റ് കുട്ടികൾ റീൽസ് ആയി പങ്കുവെച്ചത്. ഒരു വിദ്യാർഥി അധ്യാപകന്റെ പിന്നിൽ നിന്ന് അധ്യാപകനെ കളിയാക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർത്ഥികൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ നാല് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ കെ.എസ്.യു. ഭാരവാഹിയാണ്.

ആർ ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

കാഴ്ചപരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി കൈക്കൊണ്ടിട്ടുണ്ട്.

ഉൾക്കൊള്ളൽ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്നു പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതിൽ ചിലർക്കായാൽ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്.

അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നത്.

ഭാഷ തൊട്ട് ദൈനംദിന ജീവിതവ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണം.

logo
The Fourth
www.thefourthnews.in