ശ്രദ്ധ സതീഷിന്റെ മരണം; പെൺകുട്ടിയുടെ കുടുംബത്തിനും വിദ്യാർഥികൾക്കും നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിൽ അധ്യാപകർ കുറ്റക്കാരെങ്കിൽ നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നും ശ്രദ്ധയുടെ കുടുംബത്തിനും വിദ്യാർഥികൾക്കും നീതി ഉറപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സമരം ചെയ്യുന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഹോസ്റ്റൽ വാർഡനെ മാറ്റുക എന്നത്. വാർഡനെ സ്ഥാനത്തുനിന്ന് മാറ്റാൻ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പിലൂടെ സ്റ്റുഡന്റസ് യൂണിയൻ രൂപീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾക്ക് കൗൺസിലിങ് സംവിധാനവും ഗ്രീവൻസ് സെൽ പ്രവർത്തനവും ശക്തമാക്കും.
കോളേജ് മാനേജ്‌മെന്റിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. സർക്കാർ ഇടപെടലിനോട് വിദ്യാർഥിസമൂഹവും വിദ്യാർഥികളും ക്രിയാത്മകമായി പ്രതികരിച്ചു. സമരപരിപാടികൾ അവസാനിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.
മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ എന്നിവർ വിദ്യാർഥി പ്രതിനിധികളുമായി ബുധനാഴ്ച നടത്തിയ ചർച്ചയിൽ ശ്രദ്ധയുടെ മരണം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാൻ തീരുമാനമായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ സമരം താത്കാലികമായി പിൻവലിച്ചതായി വിദ്യാർഥി പ്രതിനിധികളും അറിയിച്ചിരുന്നു. കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.
എച്ച്ഒഡിയെ സസ്പെൻഡ് ചെയ്യണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. എച്ച്ഒഡിക്കെതിരെ കൃത്യമായ വിവരങ്ങളില്ലാത്തതിനാൽ ഇപ്പോൾ നടപടിയെടുക്കാൻ കഴിയില്ലെന്നും ആരോപണ വിധേയയായ സിസ്റ്റർ മായയെ അന്വേഷണാർഥം മാറ്റി നിർത്തുമെന്നും കോളേജ് അധികൃതർ അറിയിച്ചതായും വിദ്യാർഥി പ്രതിനിധികൾ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.