'അരി തമിഴ്‌നാട്ടില്‍നിന്ന് വരും, ഇവിടെ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല'; കര്‍ഷകരെ അധിക്ഷേപിച്ച് സജി ചെറിയാന്‍
കര്‍ഷകര്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്‍ നിന്ന് അരി വരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കൃഷിമന്ത്രി പി പ്രസാദ് അടക്കം പങ്കെടുത്ത പരിപടിയിലാണ് കര്‍ഷകരെ അപമാനിക്കുന്ന തരത്തില്‍ സാസ്‌കാരിക മന്ത്രിയുടെ പ്രസ്താവന. നാലു ദിവസം മുന്‍പ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കുട്ടനാട്ടില്‍ കര്‍ഷകന്‍ കെജി പ്രസാദിന്റെ ആത്മഹത്യക്ക് പിന്നാലെയാണ്, മന്ത്രിയുടെ കര്‍ഷകവിരുദ്ധ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മന്ത്രിയുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഇടത് കര്‍ഷക സംഘടനകള്‍ അടക്കമുള്ളവരുടെ ഭാഗത്തുനിന്നുണ്ടായത്.
കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. തമിഴ്നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മാന്നാര്‍ ചെന്നിത്തല പഞ്ചായത്തില്‍ മുക്കം വാലയില്‍ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടായിരുന്നു കര്‍ഷകര്‍ക്കെതിരെ മന്ത്രിയുടെ പ്രസ്താവന. പ്രദേശത്തെ ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷി ചെയ്യില്ലെന്ന് കര്‍ഷകര്‍ പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയോട് പറഞ്ഞിരുന്നു. അതൊരു ഭീഷണിയുടെ സ്വരമാണെന്നു സൂചിപ്പിച്ചുകൊണ്ടാണു കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നു മന്ത്രി ചോദിച്ചത്.
പിആര്‍എസ് കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് ലോണ്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ കര്‍ഷകനായ കെജി പ്രസാദ് ആത്മഹത്യ ചെയ്തത്. കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ നിരന്തരം ഇടപെടുകായണെന്നും കുടിശ്ശിക വരുത്തുന്നില്ലെന്നും മറ്റു മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും ആവര്‍ത്തിക്കുമ്പോഴാണ് സജി ചെറിയാന്റെ പ്രസ്താവന പുറത്തുവന്നത്.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. ഒരു മന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയതെന്ന് കര്‍ഷക സംഘടനകള്‍ വിമര്‍ശിച്ചു.