'സങ്കുചിത ചിന്തയുള്ളവർക്ക് കലാമണ്ഡലത്തിൻ്റെ പേര് കൂടെ ചേർക്കാൻ യോഗ്യതയില്ല'; സത്യഭാമയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് നേരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ വ്യാപക പ്രതിഷേധം. സത്യഭാമയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചും രാമകൃഷ്ണനെ പിന്തുണച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. പ്രസ്താവന പിന്‍വലിച്ച് ആര്‍എല്‍വി രാമകൃഷ്ണനോടും സാംസ്‌കാരിക കേരളത്തോടും സത്യഭാമ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയ സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കൂടെ ചേര്‍ക്കാന്‍ പോലും ഇത്തരം സങ്കുചിത ചിന്തകളും കൊണ്ട് നടക്കുന്നവര്‍ക്ക് യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരിയായി അന്തര്‍ലീനമായുള്ള ജാതിചിന്ത കൂടെയാണ് അവരുടെ വാക്കുകളില്‍ നിന്നും വെളിവാകുന്നത്.
മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉള്ളയാളും എംജി സര്‍വകലാശാലയില്‍ നിന്നും എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും എല്ലാ അവകാശങ്ങള്‍ക്കും വേണ്ടി പോരാടി നേടിയെടുത്ത പുരോഗമന ചരിത്രമാണ് കേരളത്തിനുള്ളത്. കല ആരുടേയും കുത്തകയല്ല. ആര്‍എല്‍വി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. ഈ അവസരത്തില്‍ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്‍.എല്‍.വി രാമകൃഷ്ണനോടും സാംസ്‌കാരിക കേരളത്തോടും മാപ്പ് പറയണം'', മന്ത്രി പറഞ്ഞു.
നിറമല്ല കലയാണ് പ്രധാനമെന്നും മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കലയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിപ്രായപ്പെട്ടു. നിറത്തിന്റെയും ജാതിയുടേയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്‌കാരവും മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാമണ്ഡലം സത്യഭാമ വംശീയമായ അധിക്ഷേപം മാത്രമല്ല, ലിംഗപരമായ വിവേചനവും നടത്തിയിരിക്കുന്നുവെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജനും പറഞ്ഞു. സത്യഭാമയുടെ ഈ നിലപാടിനെ പ്രബുദ്ധകേരളം ഒരുതരത്തിലും അനുവദിച്ചുകൊടുക്കില്ലെന്നും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സുപരിചിതനും വലിയ ശിഷ്യസമ്പത്തിന് ഉടമയുമാണ് ഡോ ആര്‍ എല്‍ വി രാമകൃഷ്ണനെന്നും മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തെ അധിക്ഷേപിച്ചതുവഴി സാംസ്‌കാരികകേരളത്തെയാണ് അവര്‍ അധിക്ഷേപിച്ചിരിക്കുന്നതെന്നും രാമകൃഷ്ണനോട് ഐക്യപ്പെടുന്നതോടൊപ്പം ഇത്തരം അധമമനസുകളെ സാംസ്‌കാരികകേരളം ഒറ്റപ്പെടുത്തണമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുവെന്നും രാജന്‍ പറഞ്ഞു.
അതിനിടെ, ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശങ്ങളെ അപലപിച്ച് കേരള കലാമണ്ഡലം രംഗത്തെതി. ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. കേരള കലാമണ്ഡലത്തിലെ ഒരു പൂര്‍വ വിദ്യാര്‍ത്ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം അറിയിച്ചു
അതേസമയം ആര്‍എല്‍വി രാമകൃഷ്ണന് വേണ്ടി ഇന്ന് ചാലക്കുടിയില്‍ വേദിയൊരുക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുണ്ട്. കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രബുദ്ധ കേരളം ഇന്നലെകളില്‍ കയ്യൊഴിഞ്ഞ സാമൂഹ്യ ദുരാചാരങ്ങളെയും പാരമ്പര്യങ്ങളെയും പുതിയ രീതിയില്‍ സ്വീകരിക്കാനുള്ള ശ്രമത്തിന്നെതിരെ ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കലാ മണ്ഡലം സത്യ ഭാമ കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും എഐവൈഎഫും ആവശ്യപ്പെട്ടിട്ടുണ്ട്.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം.'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്നവര്‍. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാലുകുറച്ച് അകത്തിവച്ച് കളിക്കുന്നൊരു ആര്‍ട്ട് ഫോമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുക എന്ന് പറഞ്ഞാല്‍ ഇതുപോലൊരു അരോചകമില്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍, ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല,' എന്നായിരുന്നു സത്യഭാമ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായി ഇന്ന് വീണ്ടും മാധ്യമങ്ങളോട് സത്യഭാമ പ്രതികരിച്ചിട്ടുണ്ട്.