സജി ചെറിയാൻ
സജി ചെറിയാൻ

സജി ചെറിയാന്റേത് സത്യപ്രതിജ്ഞാ ലംഘനമാകുന്നത് എങ്ങനെ?

ഭരണഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ സംസാരിക്കുന്നത് 3 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം
Updated on
2 min read

' ---- ആയ ഞാന്‍, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും, ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാതരത്തിലുമുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു'

2021 മെയ് 20-ന് ചെങ്ങന്നൂര്‍ എം എല്‍എയായ സജി ചെറിയാന്‍ മന്ത്രിയായി ചുമതലയേറ്റെടുത്തത്. 'ബ്രിട്ടീഷുകാര്‍ പറഞ്ഞതനുസരിച്ച് ഇന്ത്യക്കാരൻ എഴുതിയതാണ് ഇന്ത്യന്‍ ഭരണഘടന' ഇതാണ് മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം . ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയന്‍ നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണെന്നാണ് അഡ്വ. എം ആര്‍ അഭിലാഷ് പറയുന്നത്

ഇന്ത്യൻ ഭരണഘടന
ഇന്ത്യൻ ഭരണഘടന

സത്യ പ്രതിജ്ഞാ ലംഘനത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍

ഭരണഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ ഒരാള്‍ സംസാരിച്ചാല്‍ നിയമപ്രകാരം 3 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒരു സാധാരണ പൗരനാണെങ്കില്‍ അറിവില്ലായ്മയെന്ന വാദം ഉന്നയിക്കാം. ഭരണഘടനയോട് നീതി പുലര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്ത ഒരു മന്ത്രി തന്നെ ഭരണഘടനയെ അവഹേളിച്ചിരിക്കുന്നത് കുറ്റത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഭരണഘടനയുടെ സംരക്ഷണം ഗവര്‍ണറുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന വിശദീകരണം നിർണായകമാണ് . പ്രസംഗം പരിശോധിച്ച ശേഷമാകും മന്ത്രിയായി തുടരാനാകുമോ എന്നതിൽ തീരുമാനമെടുക്കുക.

മന്ത്രിയെ പുറത്താക്കാന്‍ പ്രതിപക്ഷത്തിന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരാം

മന്ത്രിസഭ അധികാരത്തില്‍ തുടരുന്നത് നിയമസഭയുടെ അനുവാദത്തോട് കൂടിയാണ്. മന്ത്രിക്ക് നിയമസഭയോടുമുണ്ട് ഉത്തരവാദിത്വം. മന്ത്രിയെ പുറത്താക്കാന്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നതിന് പ്രതിപക്ഷത്തിനും സാധിക്കും. വിവാദം കോടതിയിലെത്തിയാലും തിരിച്ചടിയുണ്ടാകാനുള്ള സാധ്യത എറെയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

'പഞ്ചാബ് മോഡല്‍' പരാമര്‍ശത്തില്‍ ബാലക്യഷ്ണ പിള്ളയുടെ രാജി

1985-ല്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ കേരള കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തില്‍ ആര്‍ ബാലക്യഷ്ണപിള്ള നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നത് സമാനമായ സാഹചര്യത്തിലാണ്.അതിനേക്കാൾ ഗുരുതരമാണ് സജി ചെറിയാൻ നടത്തിയ പ്രസംഗമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

logo
The Fourth
www.thefourthnews.in