മന്ത്രി സജി ചെറിയാന് വന്‍തിരിച്ചടി; പോലീസ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി, ഭരണഘടനവിരുദ്ധ പ്രസംഗം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ഭരണഘടനവിരുദ്ധ പ്രസംഗക്കേസില്‍ മന്ത്രി സജീ ചെറിയാന് വന്‍തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. ഒപ്പം, വിഷയം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിട്ടു. വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം ശരിയല്ലെന്നും മന്ത്രിയുടെ വാക്കുകള്‍ അനാദരവാണെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ അടക്കം മൊഴിയെടുത്തില്ലെന്നും കോടതി വ്യക്തമാക്കി. മുന്‍ പരാതിക്കാരനായ ബൈജു നോയല്‍ തന്നെ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഇടപെടല്‍.
കഴിഞ്ഞ ജൂലൈയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത് എന്നായിരുന്നു പരാമര്‍ശം. ഇന്ത്യയില്‍ മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് പറയുമെങ്കിലും ബ്രിട്ടീഷുകാര്‍ പറഞ്ഞ പോലെയാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത് എന്നും പ്രസംഗത്തിലുണ്ടായിരുന്നു. വിവാദം കടുത്തതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് പോലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് മന്ത്രിസഭയില്‍ തിരിച്ചെത്തിയത്. പ്രസംഗം ഭരണഘടന വിരുദ്ധമല്ലെന്നായിരുന്നു പോലീസ് റിപ്പോർട്ട്.
ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ലകാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് നമ്മുടേത്. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമായി നില്‍ക്കുന്നത് കൊണ്ടാണ് . ന്യായമായ കൂലി ചോദിക്കാന്‍ പോലും സാധിക്കാത്തത്. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും വിധിവരുക. ഭരണഘടന പരമായ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാത്തതു കൊണ്ടാണ് എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം സാധാരണ തൊഴിലാളിള്‍ക്ക് നമ്മുടെ ഭരണ ഘടന സംരക്ഷണം നല്‍കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം അവര്‍ക്ക് നല്‍കുന്ന പരിഗണനയാണ്. അതിന് കാരണം നമ്മുടെ ഭരണഘടന നല്‍കുന്ന സംരക്ഷണമാണ്. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പം മാത്രമാണ്. അവര്‍ക്ക് അനൂകൂലമായി മോദി സര്‍ക്കാര്‍ അടക്കം പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കൊപ്പമാണ് ഭരണഘടനയെന്നതിന്റെ തെളിവാണ് ഇതെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.