ലോകകപ്പ് തോല്‍വിക്ക് കാരണം ബിസിസിഐ; പക്ഷപാതിത്വം കാട്ടി സഞ്ജുവിനെ പുറത്താക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി
ടി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ തോല്‍വിയില്‍ ബിസിസിഐയെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിന് കാരണം ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും നയങ്ങളാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഞ്ജു സാംസണെ മാറ്റി നിര്‍ത്തിയാണ് ഋഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും ടീമിലെടുത്തതെന്നും എന്നാല്‍ ഇരുവര്‍ക്കും ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മികച്ച ഫോമിലുള്ള സഞ്ജു സാംസണെ തഴഞ്ഞത് തികഞ്ഞ അനീതിയാണ്
വിക്കറ്റ് കീപ്പർ, ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ച ഋഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും അതിരൂക്ഷമായാണ് അദ്ദേഹം വിമർശിച്ചത്. ഇരുവരുടെയും ടി ട്വന്റി ലോകകപ്പിലെ പ്രകടനം വളരെ മോശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല, ഒരു കളിയിൽ പോലും രണ്ടക്കം കടക്കാൻ ഇരുവർക്കും ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ഫോമിലുള്ള സഞ്ജു സാംസണെ തഴഞ്ഞത് തികഞ്ഞ അനീതിയാണ്. ബിസിസിഐയുടെ ക്വാട്ട കളി എന്ന് അവസാനിപ്പിക്കും എന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്. കൂടാതെ, വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഋഷഭ് പന്ത് ഫോം ഔട്ട് ആണെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ് ബിസിസിഐയുടെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ബാറ്ററായി മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിലും ഋഷഭ് പന്ത് ഇടം പിടിച്ചപ്പോൾ സഞ്ജു സാംസൺ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ടി ട്വന്റി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് കിട്ടേണ്ടേതായിരുന്നു. എന്നാൽ, അത് നഷ്ടപ്പെടുത്തിയത് കളിക്കാരെ തിരഞ്ഞെടുക്കുന്നതിലെ ബിസിസിഐയുടെ പക്ഷപാതിത്വം ആണെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചത്.
ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 169 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമാകാതെ, 24 പന്ത് ബാക്കി നിൽക്കെയാണ് വിജയം സ്വന്തമാക്കിയത്.