മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം;  ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം; ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലാണ്‌ ഹജ്ജി ഫയൽ ചെയ്തത്
Updated on
1 min read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം സംബന്ധിച്ച ഹര്‍ജി ലോകായുക്ത മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെ ലോകായുക്തയിൽ ഹർജി നൽകിയ തിരുവനന്തപുരം നേമം സ്വദേശി ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലാണ്‌ ഹര്‍ജി ഫയൽ ചെയ്തത്.

മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും  വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി ഹർജ്ജി ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ചിന് വിട്ട നടപടിയെയാണ് ശശികുമാർ ചോദ്യം ചെയ്യുന്നത്.

ഹർജിക്കാരന്‍ നല്‍കിയ പരാതി ലോകായുക്തയുടെ അധികാര പരിധിയിൽ വരുമോയെന്ന തർക്കത്തെ തുടർന്ന് മൂന്നംഗ ബെഞ്ച് വിഷയം പരിഗണിച്ച് ലോകായുക്തക്ക് വാദം കേൾക്കാനാവുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് ഹർജിയിൽ വിശദമായി വാദം കേട്ട് ലോകായുക്ത 2022 മാർച്ച് 18ന് കേസ് വിധി പറയാൻ മാറ്റി. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും വിധിയുണ്ടാകാതിരുന്നതിനെ തുടർന്ന് ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്തയിൽ ഉന്നയിക്കാൻ നിർദേശിച്ചു. തുടർന്ന് പരാതി മൂന്നംഗ ബെഞ്ചിന് വിട്ട് കഴിഞ്ഞ മാർച്ച് 31ന് ലോകായുക്ത വിധി പറഞ്ഞത്.

തുടർന്ന് മൂന്നംഗ ബെഞ്ചിന് പരിഗണിക്കാനായി കേസ് ജൂൺ അഞ്ചിലേക്ക് മാറ്റി. പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോയെന്ന വിഷയം ഒരിക്കൽ മൂന്നംഗ ബെഞ്ച് പരിഗണിച്ച് തീരുമാനമെടുത്ത സാഹചര്യത്തിൽ അതേവിഷയം വീണ്ടും മൂന്നംഗ ബെഞ്ചിന് വിടുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയിലെ ഹർജി.

logo
The Fourth
www.thefourthnews.in