തലശ്ശേരിയില്‍നിന്ന് കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി
തലശ്ശേരി നഗരസഭ വ്യവസായ സ്ഥാപനം പൂട്ടിച്ചതിനെ തുടര്‍ന്ന് നാടുവിട്ട ദമ്പതികളെ കണ്ടെത്തി. തലശ്ശേരിയില്‍ ഫാന്‍സി ഫര്‍ണിച്ചര്‍ കട നടത്തുന്ന രാജ് കബീര്‍, ഭാര്യ ശ്രീദിവ്യ എന്നിവരെ കോയമ്പത്തൂരിലാണ് കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്താനായത്. ഇരുവരെയും രാവിലെ പത്തരയോടെ ട്രയിന്‍ മാര്‍ഗം തലശ്ശേരിയില്‍ എത്തിക്കുമെന്നാണ് വിവരം.
നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ്, നാട് വിടുന്നത് ചൂണ്ടിക്കാട്ടിയുള്ള കത്തില്‍ രാജ് കബീര്‍ എഴുതിയിരുന്നത്.
ഭൂമി കയ്യേറി എന്നാരോപിച്ച് ഒരു മാസം മുന്‍പാണ് രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ കട തലശ്ശേരി നഗരസഭ പൂട്ടിച്ചത്. കടയുടെ മുന്നില്‍ ഷീറ്റ് ഇട്ടതില്‍, നഗരസഭ നാലര ലക്ഷം രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. നഗരസഭാ നടപടിക്കെതിരെ സ്ഥാപന ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്നും അനുകൂല ഉത്തരവും ലഭിച്ചു. എന്നാല്‍, നഗരസഭ സ്ഥാപനം തുറക്കാന്‍ അനുവദിച്ചിരുന്നില്ല. അതില്‍ മനം മടുത്താണ് ദമ്പതികള്‍ നാടുവിട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ്, നാട് വിടുന്നത് ചൂണ്ടിക്കാട്ടിയുള്ള കത്തില്‍ രാജ് കബീറും എഴുതിയിരുന്നത്.
അതേസമയം, വ്യവസായ ദമ്പതികള്‍ നടത്തുന്നത് നഗരസഭയെ കരുതികൂട്ടി ആക്രമിക്കാനുള്ള ശ്രമമാണെന്ന് ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി പ്രതികരിച്ചു. സ്ഥാപനം തുറക്കാന്‍ കോടതി ഉത്തരവ് ഉണ്ടായിട്ടും വ്യവസായി നാടുവിട്ടത് പകപോക്കലാണെന്നും ഭരണസംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണെന്നും ചെയര്‍പേഴ്‌സണ്‍ ആരോപിക്കുന്നു.
2006 മുതല്‍ രാജ് കബീര്‍ തലശ്ശേരിയില്‍ ഫാന്‍സി ഫര്‍ണിച്ചര്‍ കട നടത്തുന്നുണ്ട്. തലശ്ശേരി നഗരസഭക്കെതിരെ കത്തെഴുതി വെച്ചാണ് രാജ് കബീറും ശ്രീദിവ്യയും നാട് വിട്ടത്. കട നഗരസഭ പൂട്ടിച്ചതില്‍ മനംനൊന്താണ് നാട് വിടുന്നതെന്നാണ് രാജ് കബീര്‍ കത്തില്‍ പറയുന്നത്. എഴുത്തുകാരന്‍ കെ. തായാട്ടിന്റെ മകനാണ് രാജ് കബീര്‍.
നഗരസഭയുടേത് വ്യാവസായ സ്ഥാപനം ഒഴിപ്പിക്കാനുള്ള നീക്കമാണെന്നും ഭൂമി മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നുമാണ് രാജ് കബീറിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍. മികച്ച യുവ സംരഭകനുള്ള അവാര്‍ഡ് കിട്ടിയ വ്യക്തിയാണ് രാജ് കബീറിന്റെ മകന്‍.