രണ്ടര ദിവസം പിന്നിട്ട തിരച്ചില്‍; ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

രണ്ടര ദിവസം പിന്നിട്ട തിരച്ചില്‍; ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ ടണലിന് പുറത്തുള്ള തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്
Updated on
1 min read

46 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം കണ്ടെത്തി. ജോയിയെ കാണാതായ ടണലിന് പുറത്തുള്ള തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. തോട്ടിലെ പൈപ്പിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ജോയിയുടേതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം നഗരഹൃദയത്തില്‍ ശുചീകരണത്തൊഴിലാളിയായ ജോയി മാലിന്യം നിറഞ്ഞ ആമയിഴഞ്ചാന്‍ തോട്ടില്‍ അകപ്പെട്ടത്. ശുചീകരണ ജോലിക്കിടെ റെയില്‍വേ സ്റ്റേഷന് അടിവശത്തുകൂടി കടന്നുപോകുന്ന തുരങ്കസമാനമായ ഭാഗത്തുവച്ചാണ് ജോയി മാലിന്യങ്ങള്‍ക്കിടയില്‍ ഒഴുക്കില്‍പ്പെട്ടത്.

രണ്ടര ദിവസം പിന്നിട്ട തിരച്ചില്‍; ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി
അനാസ്ഥയുടെ ആമയിഴഞ്ചാൻ തോട്; നഗരമധ്യത്തിൽ ഒരു ജീവൻ മാലിന്യത്തോടില്‍ കുടുങ്ങിയിട്ട് മണിക്കൂറുകള്‍

ശനിയാഴ്ച ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെയും തുടരുകയായിരുന്നു. പോലീസിനും ഫയര്‍ഫോഴ്സിനും പുറമേ സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവർത്തനം.

കോര്‍പ്പറേഷന്‍ താല്‍ക്കാലിക ജീവനക്കാരനായ 42കാരനായ ജോയിയടക്കം നാല് പേരാണ് ശുചീകരണത്തിനായി ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങിയത്. തോട്ടില്‍ വീണയുടനെ സഹതൊഴിലാളികള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തോട്ടിലെ ഒഴുക്കില്‍പ്പെട്ട് പോയെന്നാണ് നിഗമനം.

അതേസമയം ജോയിയെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാരുടെ പ്രതികരണം. ആമയിഴഞ്ചാന്‍ തോട്ടില്‍ ചെളി മൂടി കിടക്കുന്നതാണ് രക്ഷാദൗത്യം ദുര്‍ബലമാക്കിയത്. പരിശീലനം നേടിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ ഇന്നലെ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

മുന്നൊരുക്കങ്ങളില്ലാത്ത മാലിന്യം നീക്കം ചെയ്യുന്നതിലെ വീഴ്ചയാണ് അപകട കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിന് അടിവശത്ത് ഏകദേശം ഇരുന്നൂറ് മീറ്ററോളം കടന്നുപോകുന്ന കനാലിലെ മാലിന്യം നീക്കുക എന്നത് ശ്രമകരമായ പ്രവര്‍ത്തിയാണെന്ന് മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി കെ പ്രശാന്ത് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ഗതിയില്‍ തുരങ്ക സമാനമായ ഈ ഭാഗത്തിന്റെ രണ്ട് ഭാഗങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം ശക്തമായി വെള്ളം കടത്തിവിട്ട് അകത്തെ മാലിന്യങ്ങള്‍ പുറത്തെത്തിക്കുന്നതാണ് പതിവ്. ഇത്തവണ ശുചീകണത്തിന് ഇറങ്ങിയ തൊഴിലാളികള്‍ക്ക് ഇതില്‍ മുന്‍പരിചയം കുറവായിരുന്നു എന്നാണ് വിലയിരുത്തലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്‍, ജില്ലാഭരണകൂടം, റെയില്‍ വേ തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചാണ് മാലിന്യനീക്കം നടത്താറുള്ളത്. ഇത്തവണ ആ ഏകോപനത്തില്‍ വീഴ്ച വന്നെന്നാണ് കാണുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മാരായമുട്ടം വടകരയില്‍ അമ്മയ്ക്കൊപ്പം ജീവിക്കുന്ന അവിവാഹിതനായ ജോയി നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവിറ്റായിരുന്നു ജീവിച്ചത്. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in