അരിക്കൊമ്പൻ പിടിയിലാകുമോ? സംഘം വനമേഖലയിലേക്ക് തിരിച്ചു
ചിന്നക്കനാലിന്റെ പേടി സ്വപ്നമായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വെളുപ്പിന് 4.30ന് ആരംഭിച്ചു. കാലാവസ്ഥ അനുകൂലമാണോ അല്ലയോ എന്നകാര്യം സ്ഥിരീകരിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ദൗത്യത്തിനായി വനം വകുപ്പ് പൂർണ സജ്ജമാണ്. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ആദ്യ സംഘം 301 കോളനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, വനം വകുപ്പ് ജീവനക്കാർ, കുങ്കിയാനകളുടെ പാപ്പാൻമാർ എന്നിവർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ നേരിട്ട് പങ്കെടുക്കുന്നത്.
ദൗത്യം തീരുന്നതുവരെയും ചിന്നക്കനാലിൽ നിരോധനാജ്ഞ തുടരും. അതേസമയം അരിക്കൊമ്പനെ പിടികൂടിയാൽ ഇന്ന് തന്നെ ചിന്നക്കനാലില്‍ നിന്ന് മാറ്റാനാണ് പദ്ധതി. എന്നാൽ അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നത് എന്നടക്കമുള്ള വിവരം വനം വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഇടുക്കിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്, പറമ്പിക്കുളം, തിരുവനന്തപുരത്തെ നെയ്യാര്‍ അല്ലെങ്കില്‍ കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം എന്നിവിടങ്ങളാണ് വനംവകുപ്പിന്റെ പരിധിയിൽ ഉള്ളത്. ഇതിൽ ഏതെങ്കിലും പ്രദേശത്തേക്ക് സുരക്ഷിതമായി അരിക്കൊമ്പനെ മാറ്റാനാണ് സാധ്യത. ഇന്ന് ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസവും ശ്രമം തുടരുമെന്ന് കോട്ടയം ഡിഎഫ്ഒ അറിയിച്ചു.
വിദേശ നിർമിത തോക്കായ ഡാൻ ഇഞ്ചക്ടറ്റ് ഉപയോഗിച്ചാണ് അരിക്കൊമ്പനെ വെടിവയ്ക്കുക. ഒന്നര മുതൽ രണ്ടര ലക്ഷം വരെയാണ് തോക്കിന്റെ വില. സാധാരണ ആനകളെ മയക്കുവെടി വയ്ക്കാൻ ഉപയോഗിക്കുന്ന കെറ്റമിൻ, സൈലാക്സിൻ തുടങ്ങിയ മരുന്നുകൾ തന്നെയായിരിക്കും അരിക്കൊമ്പനെ പിടികൂടാനും ഉപയോഗിക്കുക. മയക്കുവെടി ഏൽക്കുമ്പോൾ ആനയുടെ പേശികൾക്ക് മുകളിലുള്ള നിയന്ത്രണം പോകുകയും കരുത്ത് നഷ്ടമാകുകയുമാണ് ചെയ്യുക. മയക്കുവെടി വച്ചതിന് ശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ലോറിയിൽ കയറ്റും. ലോറിയിൽ കയറ്റുന്നതിന് മുൻപായി ജിപിഎസ് കോളർ ഘടിപ്പിക്കും.
അതേസമയം അരിക്കൊമ്പന്‍ 50 മീറ്റർ അകലത്തിൽ സമനില പ്രദേശത്ത് നിക്കുമ്പോൾ മാത്രമേ മയക്കുവെടി വയ്ക്കുകയുള്ളു. അരികൊമ്പൻ ജലാശയത്തിന് സമീപം നിൽക്കുകയാണെങ്കിൽ വെടിവയ്ക്കുന്നത് ഒഴിവാക്കും. കാരണം പരിഭ്രാന്തിയിൽ ആന വെള്ളത്തിലേക്ക് ഇറങ്ങിയാൽ ജീവൻ അപകടത്തിലാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ദൗത്യം നടക്കുമ്പോൾ പ്രദേശവാസികൾ ഒരുകാരണവശാലും പുറത്തിറങ്ങാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന വിരണ്ടോടാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. അരിക്കൊമ്പന്‍ ദൗത്യത്തിനായി മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ എത്തി യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ദൗത്യ മേഖലയായ സിമന്റ് പാലത്തിനും, 301 കോളനിക്കും സമീപത്തായി അരിക്കൊമ്പൻ തുടരുന്നുണ്ട്.