പിടികൊടുക്കാതെ പി ടി-7; ദൗത്യസംഘത്തിന്റെ നിരീക്ഷണ പരിധിയില്‍ നിന്നും ആന ഉള്‍ക്കാട്ടിലേക്ക് കയറി

പിടികൊടുക്കാതെ പി ടി-7; ദൗത്യസംഘത്തിന്റെ നിരീക്ഷണ പരിധിയില്‍ നിന്നും ആന ഉള്‍ക്കാട്ടിലേക്ക് കയറി

ഉള്‍വനത്തിലേക്ക് കയറിയ പി ടി-7നെ തിരികെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ സംഘം തുടരുകയാണ്
Updated on
1 min read

ദൗത്യസംഘത്തിന്റെ നിരീക്ഷണ പരിധിയില്‍ നിന്നും ഉള്‍ക്കാട്ടിലേക്ക് രക്ഷപെട്ട് പി ടി-7. പുലര്‍ച്ചെ മുതല്‍ ആനയെ നിരീക്ഷിക്കുകയായിരുന്ന സംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് ആന ഉള്‍വനത്തിലേക്ക് പ്രവേശിച്ചത്. സുരക്ഷിത സ്ഥാനത്തുനിന്നും ആന മാറിയതോടെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം ദുഷ്‌കരമാകും. ആദ്യം കുന്നിന്‍ചെരുവിലേക്ക് മാറിയതിനാല്‍ മയക്കുവെടി വെയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനുശേഷം ആന ഉള്‍വനത്തിലേക്ക് മാറുകയായിരുന്നു. പി ടി-7നെ തിരികെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ സംഘം തുടരുകയാണ്.

ജനവാസ മേഖലയില്‍ നിന്ന് അകലെയുള്ളതും പരന്ന പ്രതലമുള്ള പ്രദേശത്തും മാത്രമേ ആനയെ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. പി ടി-7നെ പിടികൂടുന്നത് വലിയ ദൗത്യമാണെന്നും ഇതിനായി വനംവകുപ്പ് പുര്‍ണസജ്ജമാണെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ധോണി കോര്‍മയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് പുലര്‍ച്ചെ ആറേ കാലോടെ രണ്ട് സംഘമായി തിരിഞ്ഞ് ദൗത്യസംഘം വനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. മയക്കുവെടി വെയ്ക്കാനായി ഡോ. അരുണ്‍ സക്കറിയയും സംഘത്തില്‍ തയ്യാറായിരുന്നു. എന്നാല്‍ ആന ഉള്‍വനത്തിലേക്ക് പ്രവേശിച്ചതോടെ ദൗത്യം ദുഷ്‌കരമായിരിക്കുകയാണ്.

കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വയ്ക്കാനായിരുന്നു നീക്കം. മയക്കുവെടിയേറ്റ ശേഷം 45 മിനിറ്റ് കൊണ്ടു മാത്രമേ ആന മയങ്ങൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്രസമയം കൊണ്ട് ഏഴര കിലോമീറ്റര്‍ വരെ ആനകള്‍ ഓടിയ ചരിത്രമുണ്ട്. അതിനാല്‍ ആന ജനവാസമേഖലയിലേക്കോ മറ്റോ നീങ്ങുന്ന പക്ഷം കുങ്കിയാനകളെ ഇറക്കി കൊമ്പനെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് വനംവകുപ്പിന്റെ തന്ത്രം.

ധോണി ഫോറസ്റ്റ് സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലമാണ് പുലര്‍ച്ചെ ആനയെ കണ്ടെത്തിയ അരിമണി പ്രദേശം. പൂര്‍ണമായും ജനവാസമേഖലയല്ല എങ്കിലും വ്യാപകമായി കൃഷി നടക്കുന്ന സ്ഥമാണിത്.

logo
The Fourth
www.thefourthnews.in