ദൗത്യം വിജയകരം, 
പി ടി 7 കൂട്ടില്‍;
ധോണിയില്‍ ഇനി ഭീതിയില്ല

ദൗത്യം വിജയകരം, പി ടി 7 കൂട്ടില്‍; ധോണിയില്‍ ഇനി ഭീതിയില്ല

കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചത്
Updated on
1 min read

പാലക്കാട് ജില്ലയിലെ ധോണിയെ മാസങ്ങളായി വിറപ്പിച്ച കാട്ടുക്കൊമ്പന്‍ പി ടി 7ന് പിടിവീണു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ ധോണി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചത്. ആനയെ മയക്കുവെടി വെയ്ക്കുന്നതായിരുന്നു ആദ്യത്തെ ദൗത്യം. അത് വിജയകരമായി പൂര്‍ത്തിയതായതിന് ശേഷം, ആനയെ ലോറിയില്‍ കയറ്റുന്ന രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെ മൂന്നാം ഘട്ടത്തിനായി ധോണി സെക്ഷന്‍ ഓഫീസില്‍ എത്തിക്കുകയായിരുന്നു. ആനയെ കുങ്കിയാന ആക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും.

ധോണി ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ശേഷം ലോറിയില്‍ നിന്നും ഇറക്കിയ ആനയെ നേരെ കൂട്ടിലേയ്ക്ക് കൊണ്ട്‌ പോവുകയായിരുന്നു. ധോണി ക്യാമ്പിലേയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിപ്പിക്കുന്നത് വനപാലകര്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പി ടി 7നെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അഞ്ചരയോടെ ആന നിരീക്ഷണ വലയത്തിലായി. ധോണിക്കും മുണ്ടൂരിനുമിടയിലായിരുന്നു പി ടി 7നെ കണ്ടെത്തിയത്. 7:10 ആയപ്പോഴേയ്ക്കും ആനയെ മയക്കുവെടിവച്ചു. ഇടത് ചെവിയ്ക്ക് താഴെ മുന്‍കാലിന് മുകളിലായാണ് മയക്കുവെടിയേറ്റത്. കാലുകള്‍ വടം കെട്ടുകയും കറുത്ത തുണി ഉപയോഗിച്ച് കണ്ണുകള്‍ മൂടുകയും ചെയ്തു. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് പി ടി 7നെ വരുതിയിലാക്കിയത്.

യൂക്കാലിസ് മരങ്ങള്‍ക്കൊണ്ടുണ്ടാക്കിയ കൂടാണ് ഒരുക്കിയിരുന്നത്. നിലം മണ്ണിട്ടും ലെവല്‍ ചെയ്തിരുന്നു. ആനയ്ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ ഇടയ്ക്ക് നനച്ച് കൊടുക്കുന്നുമുണ്ട്. കൂട്ടില്‍ കയറ്റിയ പി ടി 7ന് നിലവില്‍ ആന്റി ഡോസ് നല്‍കി. വൈകുന്നേരത്തോടെ ആന സാധാരണ നിലയിലേയ്ക്ക് മടങ്ങി വരുമെന്നും വനപാലകര്‍ വ്യക്തമാക്കി. ആനയെ മൂന്ന് മാസത്തേയ്ക്ക് കൂട്ടില്‍ നിന്ന് ഇറക്കില്ല. അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷമാകും പുറത്തെത്തിക്കുക.

കഴിഞ്ഞ കുറെ ദിവസങ്ങളായി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പി ടി 7നെ പേടിച്ച് വൈകിട്ട് ആറ് മണിക്ക് ശേഷം ആളുകള്‍ പുറത്തിറങ്ങാറില്ലായിരുന്നു. കഴിഞ്ഞ ദിവസം ധോണിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ത്തിരുന്നു. ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷമായാണ് പിടി സെവന്‍ കാട്ടില്‍ ഇറങ്ങാന്‍ തുടങ്ങിയത്. കഴിഞ്ഞ ഒറുമാസമാണ് ആനയുടെ ആക്രമണം രൂക്ഷമാവാന്‍ തുടങ്ങിയത്.

നാല് വര്‍ഷമായി പാലക്കാട്ടെ ജനവാസമേഖലയിലെ സ്ഥിര സാനിധ്യമായിരുന്നു പിടി 7. കഴിഞ്ഞ വര്‍ഷം ജൂലൈ 8 ന് പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ ആന ചവിട്ടിക്കൊന്നിരുന്നു. നിരവധി പേര്‍ തലനാരിഴയ്ക്കായിരുന്നു ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ധോണിക്ക് സമീപം മൂന്നിടങ്ങളില്‍ പിടി 7 കൃഷിയിടത്തിലിറങ്ങിയെന്നും, പലയിടത്തും കൃഷി നശിപ്പിക്കുകയും ചെയ്തതായും നാട്ടുകാര്‍ പറഞ്ഞു. ആനയെ പിടികൂടാത്തതിനെത്തുടര്‍ന്ന് ഒരു വിഭാഗം നാട്ടുകാര്‍ ശനിയാഴ്ച ധോണിയിലെ വനംവകുപ്പ് ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in