പ്രസവിച്ചത് സ്ത്രീ, ട്രാന്‍സ്മെന്‍ എന്നത് പൊള്ളയായ വാദം;വിവാദ പരാമർശങ്ങളുമായി എം.കെ.മുനീർ
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ പരസ്യമായി വിമര്‍ശിച്ച് വീണ്ടും മുസ്ലീം ലീഗ് നേതാവ് ഡോ എംകെ മുനീര്‍. 'മാനവ രക്ഷയ്ക്ക് ദൈവിക ദർശനം' എന്ന സന്ദേശവുമായി കോഴിക്കോട് നടന്ന വിസ്ഡം സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു എംകെ മുനീറിന്റെ വിവാദ പ്രസംഗം. അടുത്തിടെ ട്രാന്‍സ് പങ്കാളികളായ സഹദിനും സിയയ്ക്കും കുഞ്ഞ് ജനിച്ചതിനെതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു എംകെ മുനീറിന്റെ വിവാദ പ്രസംഗം.
ലിബറലിസം മാനവികതയെതന്നെ ചോദ്യം ചെയ്യുന്ന വിഷയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് മുനീര്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ അടച്ചാക്ഷേപിച്ചുകൊണ്ടായിരുന്നു പ്രസംഗിച്ചത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വിഷയം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രമേയമാക്കിയപ്പോള്‍ എതിര്‍ത്തുവെന്നും അതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നണ്ടെന്ന് പരാമര്‍ശിച്ച അദ്ദേഹം ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് വിവേചനപരമെന്നും ജെന്‍ഡര്‍ ജസ്റ്റിസിന് വിരുദ്ധമാണെന്നും ആരോപിച്ചു.
പുരുഷന്‍ സ്ത്രീ എന്നിവര്‍ വിവാഹം ചെയ്യുന്ന ഹെട്രോനോര്‍മിറ്റിയെ മറികടക്കണമെന്ന് സംസ്ഥാനത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്യുന്ന കാലഘട്ടമാണിത്. അണ്ഡവും ബീജവും സംയോജിക്കാതെ കുഞ്ഞ് ജനിക്കില്ല. മറിച്ച് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണ്.ജെൻഡർ ന്യൂട്രാലിറ്റിയെ മറികടക്കണമെന്ന് ആഹ്വാനം ചെയ്ത മുനീര്‍ പുരുഷന്‍ എങ്ങനെ പ്രസവിക്കുമെന്നും, സ്ത്രീ എന്ന നിലയില്‍ ഉണ്ടാകേണ്ടതെല്ലാം ഉള്ള സമ്പൂര്‍ണയായ സ്ത്രീ മാത്രമേ പ്രസവിക്കുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.
അണ്ഡവും ബീജവും സംയോജിക്കാതെ കുഞ്ഞ് ജനിക്കില്ല. മറിച്ച് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണ്
പുരുഷനാകാന്‍ ശ്രമിച്ച് സ്തനങ്ങള്‍ മുറിച്ചുമാറ്റി എന്നാല്‍ അവിടെയെത്താതെ പോയ ഒരു സ്ത്രീയാണ് പ്രസവിച്ചതെന്ന വിവാദ പരാമര്‍ശമാണ് മുനീര്‍ നടത്തിയത്. പുറംതോടില്‍ പുരുഷനാണെന്ന് പ്രഖ്യാപിക്കുമ്പോഴും അവര്‍ ജന്മം കൊണ്ട് സ്ത്രീയാണ്. കുഞ്ഞിനെ പാലൂട്ടാന്‍ സ്തനങ്ങള്‍ ഇല്ലാത്തത് വലിയ ചിന്താകുഴപ്പം ഉണ്ടാക്കുന്നു. ജന്‍മം കൊണ്ട് സ്ത്രീ ആയിരുന്നു എന്നതിന് തെളിവാണ് ഗര്‍ഭ പാത്രം ഉണ്ട് എന്നത്.
അണ്ഡവും ബീജവും സംയോജിച്ചാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്നും അങ്ങനെയല്ലാതെ ഒരു കുഞ്ഞ് ജനിച്ചാല്‍ അത് ലോകത്തിലെ അത്ഭുതമാണെന്നും മുനീര്‍ പറഞ്ഞു. ട്രാന്‍സ്മാന്‍ പ്രസവിച്ചെന്ന് മാധ്യമങ്ങള്‍ പറയുന്നു. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല. ലോകത്തെവിടെയും ഗേ, ലെസ്ബിയന്‍ എന്നിങ്ങനെയുള്ള ഹോമോ സെക്ഷ്വലിസ്റ്റുകള്‍ക്ക് സന്തതികളുണ്ടായതായി അറിയില്ല. ട്രാന്‍സ്മാന്‍ എന്ന വാദം പൊള്ളയാണ്. പ്രസവം സംഭവിച്ചത് സ്ത്രീയില്‍ തന്നെയാണ് എന്നും മുനീര്‍ വ്യക്തമാക്കുന്നു.
ലോകം ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ തള്ളിപ്പറയുന്നകാലത്ത്, നമ്മള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നതിലേയ്ക്ക് ചുവട് വയ്ക്കുന്നു. സംവാദമാണ് പലതിനെയും പൂര്‍ത്തീകരിക്കുക. ഏതെങ്കിലും വിഭാഗങ്ങളെ ചെറുതാക്കുകയല്ല. ഏതെന്ന് ശരിയെന്ന് സമൂഹം തീരുമാനിക്കട്ടെയെന്നും മുനീര്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ് ജെന്‍ഡർ നയം രൂപീകരിച്ച സംസ്ഥാനമായി കേരളം മാറിയപ്പോള്‍ അന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു ഡോ. എംകെ മുനീര്‍.