'ഉപയോഗിച്ച് വലിച്ചെറിയുക'; എം കെ രാഘവന്റെ പരാമര്‍ശത്തില്‍ വിശദീകരണം തേടി കെപിസിസി
എഐസിസി അധ്യക്ഷതിരഞ്ഞടുപ്പ് മുതൽ ശശി തരൂരിനൊപ്പം ഉറച്ചുനിൽക്കുന്ന എം കെ രാഘവൻ എം പിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം. കെപിസിസി നേത്യത്വത്തെ വിമർശിച്ചതിന് രാഘവനെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് നേതൃത്വം. ആദ്യ പടിയായി കോഴിക്കോട് ഡിസിസിയോട് അധ്യക്ഷൻ കെ സുധാകരൻ വിശദീകരണം തേടി.
കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് 'യൂസ് ആന്‍ഡ് ത്രോ' സംസ്‌കാരമെന്നും ഈ രീതി മാറണമെന്നുമായിരുന്നു രാഘവന്റെ വിമര്‍ശനം. ഇന്ന് ആരും രാജാവ് നഗ്‌നനാണ് എന്ന് പറയാന്‍ തയ്യാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരില്‍ ആരും ഒന്നും പറയില്ല. ലീഗില്‍ ഉള്‍പ്പെടെ ഉള്‍പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചു. എന്നിങ്ങനെയായിരുന്നു രാഘവന്റെ പരാമർശം.
സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത് അര്‍ഹരെ കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ ഗതിയെന്താകുമെന്നായിരുന്നു എം കെ രാഘവന്റെ ചോദ്യം
ശശി തരൂര്‍ പക്ഷത്ത് നില്‍ക്കുന്ന എം കെ രാഘവന്‍ എം പി കെപിസിസിയുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പരസ്യ പരാമര്‍ശങ്ങളില്‍ കെപിസിസി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിശദീകരണം തേടുകയും ചെയ്തിട്ടുള്ളത്. അഡ്വക്കേറ്റ് പി ശങ്കരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു എം കെ രാഘവന്റെ വിവാദ പരാമര്‍ശം. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത് അര്‍ഹരെ കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ ഗതിയെന്താകുമെന്ന് ചോദിച്ച എം കെ രാഘവന്‍ എവിടെയാണ് പാര്‍ട്ടിയെ തിരിച്ച് പിടിക്കേണ്ടത് എന്ന് നേതൃത്വം ചിന്തിക്കണമെന്നും തുറന്നടിച്ചിരുന്നു.
കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരിന്റെ പ്രതിഫലനമാണ് എം കെ രാഘവന്റെ പരാമര്‍ശത്തിലൂടെ വെളിവാകുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്
കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരിന്റെ പ്രതിഫലനമാണ് എം കെ രാഘവന്റെ പരാമര്‍ശത്തിലൂടെ വെളിവാകുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വി എം സുധീരനെ പോലെയുള്ള ആളുകള്‍ ഇന്നും പാര്‍ട്ടിയുടെ മാനുഷിക മുഖമാണെന്നും സംഘടനയുടെ ഗുണപരമായ വളര്‍ച്ചയ്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം വേണമെന്നും എം കെ രാഘവന്‍ പറഞ്ഞിരുന്നു. നൈതികതയും മൂല്യവുമുണ്ടെങ്കില്‍ മാത്രമേ നിലപാടെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.