മാലിന്യ നിർമാർജനത്തിന്റെ കാട്ടാക്കട മോഡൽ

മാലിന്യ നിർമാർജനത്തിന്റെ കാട്ടാക്കട മോഡൽ

കേരള പിറവി ദിനമായ നവംബർ 1ന് മണ്ഡലത്തെ പൂർണമായും മാലിന്യ മുക്തമാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
Updated on
1 min read

കാട്ടാക്കട നിയോജക മണ്ഡലത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'മാലിന്യ മുക്തം എന്റെ കാട്ടാക്കട' എന്ന ശുചീകരണ പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമെന്ന് ഐബി സതീഷ് എംഎൽഎ. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 15 ടൺ ചെരുപ്പും ബാഗും നീക്കം ചെയ്യുന്ന ആദ്യ വാഹനം അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ക്ലീൻ കേരള കമ്പനിക്കാണ് മാലിന്യം കൈമാറിയത്.

ഒക്ടോബർ 2നാണ് പദ്ധതി ആരംഭിച്ചത്. കേരള പിറവി ദിനമായ നവംബർ 1ന് മണ്ഡലം പൂർണമായും മാലിന്യ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഇതിനായുള്ള പ്രവ‍ർത്തനങ്ങൾ മണ്ഡലത്തിലുടനീളം നടന്നു വരികയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കർമ്മ സേന എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് നടപ്പാക്കുന്നത്.

ഹരിത കർമ്മ സേന പ്രവർത്തകർക്കൊപ്പം എംഎൽഎ ഐബി സതീഷ്
ഹരിത കർമ്മ സേന പ്രവർത്തകർക്കൊപ്പം എംഎൽഎ ഐബി സതീഷ്

വഴി ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് എന്നിവ ഒരു സ്പെഷ്യൽ ഡ്രൈവിലൂടെ ശേഖരിച്ച് പഞ്ചായടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു വരികയാണ്. ഇതിനായി മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തിലും ഓരോ കളക്ഷൻ സെന്റർ സജ്ജീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15 ന് തുണിത്തരങ്ങൾ, 22 ന് ചില്ല് മാലിന്യങ്ങൾ, 29ന് ഇ-വേസ്റ്റ്, ബള്‍ബ്, ട്യൂബ് ലൈറ്റ് എന്നിവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.

മണ്ഡലത്തിലെ അയൽക്കൂട്ടങ്ങളിലും ശുചിത്വമിഷൻ പരിശീലനം ലഭിച്ച കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാരെ ഉപയോഗിച്ചും എഡി എസ് മുഖേനയും മാലിന്യ ശേഖരണ ക്യാമ്പയിൻ നടപ്പാക്കുകയാണെന്ന് ഐ.ബി.സതീഷ് എം.എൽ.എ ദ ഫോർത്തിനോട് പറഞ്ഞു.

റെസിഡന്റ്‌സ് അസോസിയേഷൻ തലത്തിലും വാർഡ് തലത്തിലും ശേഖരിച്ച വസ്തുക്കൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലാണ് ശേഖരണ കേന്ദ്രത്തിൽ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവിന് മുന്നോടിയായി വാഹന പ്രചാരണം, നോട്ടീസ് വിതരണം അടക്കമുള്ള ബോധവത്കരണ പരിപാടികൾ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in