സ്പീക്കറുടെ റൂളിങ്‌; വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി

സ്പീക്കറുടെ റൂളിങ്‌; വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി

ഒരു കമ്യൂണിസ്റ്റായ താന്‍ 'വിധി' എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നു പറഞ്ഞാണ് മണി പരാമര്‍ശം പിന്‍വലിച്ചത്.
Updated on
1 min read

കെ കെ. രമ എംഎല്‍എയെ നിയമസഭയില്‍ വ്യക്തിപരമായി അപമാനിച്ച് എം എം മണി എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശം തള്ളി സ്പീക്കര്‍ എം ബി രാജേഷ്. സ്പീക്കറുടെ റൂളിങ്ങിനു പിന്നാലെ വിവാദ പരാമര്‍ശം പിന്‍വലിച്ച് മണി രംഗത്തെത്തി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിലാണ് മണിയെ തളളി സ്പീക്കര്‍ റൂളിങ് നല്‍കിയത്. മണി നടത്തിയ പരാമര്‍ശം അനുചിതമായിരുന്നെന്നും അതില്‍ തെറ്റായ ആശ്യം ഉള്‍ക്കൊള്ളുന്നവെന്നും പുതിയ കാലത്തിനു ചേര്‍ന്ന തരത്തില്‍ വാക്കുകളുടെ അര്‍ഥവും സാമൂഹിക സാഹചര്യവുമൊക്കെ മാറിയിട്ടുണ്ടെന്നും അത് സഭാംഗങ്ങള്‍ മനസിലാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

''സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വാക്കുകളുണ്ട്. അണ്‍പാര്‍ലമന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും മണിയുടെ വാക്കുകള്‍ക്ക് മറ്റൊരു അര്‍ഥമുണ്ട്. സ്ത്രീകള്‍, അംഗ പരിമിതര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നവര്‍ക്ക് പരിഗണന അനിവാര്യമാണ്. ഇത് ജനപ്രതിനിധികള്‍ക്ക് പലര്‍ക്കും മനസിലായിട്ടില്ല. സ്വയം തിരുത്താന്‍ തയ്യാറാവണം. മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനമായ ആശയം മല്ല''- സ്പീക്കര്‍ പറഞ്ഞു.

അംഗ പരിമിതര്‍ സ്ത്രീകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്കു പ്രത്യേക പരിഗണന നല്‍കണമെന്നും ഇതു സഭാംഗങ്ങളില്‍ പലര്‍ക്കും മനസിലായിട്ടില്ലെന്നും അവര്‍ സ്വയം തിരുത്താന്‍ തയാറാകണമെന്നും സ്പീക്കര്‍ പറഞ്ഞു.

ഈ റൂളിങ്ങിനു പിന്നാലെയാണ് പരാമര്‍ശം പിന്‍വലിച്ചു മണി രംഗത്തെത്തിയത്. ഒരു കമ്യൂണിസ്റ്റായ താന്‍ 'വിധി'യെന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞ ഉദ്ദേശത്തെ മാനിക്കുന്നുവെന്നും സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മണി പറഞ്ഞാണ് പരാമര്‍ശം പിന്‍വലിക്കുന്നതായി മണി വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in