മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം: ഹർജിയിലെ പരാമര്‍ശം പിന്‍വലിക്കാൻ ഐ ജി ലക്ഷ്മൺ ആവശ്യപ്പെട്ടിട്ടില്ലെന്ന് അഭിഭാഷകന്‍
ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങൾ പിൻവലിക്കാൻ ഐജി ഗുഗുലോത്ത് ലക്ഷ്‌മൺ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് അഡ്വ. നോബിൾ മാത്യു. അഭിഭാഷകൻ എന്ന നിലയിൽ കക്ഷിയുടെ താൽപര്യം സംരക്ഷിക്കാൻ ഉത്തമ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു ചില കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ വ്യക്തമാക്കുമെന്നും അഭിഭാഷകൻ സൂചിപ്പിച്ചു.
മോൻസൺ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മൺ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടായിരുന്നു. ഇത് വിവാദമായതോടെയാണ് തന്‍റെ അറിവോടെയല്ല ഈ ആരോപണങ്ങളെന്ന് ഐജി വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തും നൽകി.
സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും ഹൈക്കോടതി പല ആർബിട്രേറ്റർമാർക്ക് പരിഹരിക്കാൻ നൽകുന്ന തർക്കങ്ങൾ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണെന്നുമടക്കം ആരോപണങ്ങളാണ് ഹർജിയിൽ ഉണ്ടായിരുന്നത്. ഹർജി ഫയലിൽ സ്വീകരിക്കാതെ ആഗസ്റ്റ് 17 ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ് കോടതി.