തുവ്വൂർ കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍, ആഭരണം കവരാനെന്ന് സംശയം
മലപ്പുറം തുവ്വൂരിലെ സുജിത കൊലക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിഷ്ണു, വിഷ്ണുവിന്റെ അച്ഛന്‍, സഹോദരങ്ങളായ വൈശാഖ്, ജിത്തു, വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. സുജിതയുടെ ആഭരണങ്ങള്‍ കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് സംശയം.
വിഷ്ണുവിന്റെ വീടിന് സമീപമാണ് സുജിതയുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത്. ഇതാണ് ഇവരിലേക്ക് അന്വേഷണം നീങ്ങാന്‍ കാരണമായത്. വിഷ്ണുവിന്റെ വീട്ടു വളപ്പിലെ മാലിന്യക്കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ സുജിതയെ ഈ മാസം 11 മുതലാണ് കാണാതായത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് കൃഷിഭവനില്‍ നിന്ന് ഇറങ്ങിയ സുജിതയുടെ ഫോണ്‍ സ്വിച്ച് ഓഫാവുകയായിരുന്നു.
പിറ്റേദിവസം തന്നെ വിഷ്ണു തുവ്വൂരിലുള്ള സ്വര്‍ണക്കടയില്‍ സ്വര്‍ണം വില്‍ക്കാനെത്തിയിരുന്നു. സുജിതയുടെ ആഭരണങ്ങളാണ് വിറ്റതെന്നാണ് സംശയം. വിഷ്ണുവും സുജിതയും നേരത്തെ പരിചയക്കാരായിരുന്നു. തുവ്വൂര്‍ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായി വിഷ്ണു ജോലി നോക്കിയിരുന്നു. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. സുജിതയെ കാണാതാകുന്നതിന് മുന്‍പ് വിഷ്ണു പഞ്ചായത്തിലെ ജോലി രാജിവച്ചിരുന്നു. ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു വിഷ്ണു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.