വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്ക് മുൻപേ ശ്രമം നടന്നു
കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്ക് മുൻപേ തന്നെ ശ്രമം നടന്നിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ആശുപത്രി മെഡിക്കൽ റെക്കോർഡ്സിലെ ഉദ്യോഗസ്ഥ നടത്തിയ വാട്സ്ആപ് ചാറ്റ് പുറത്തായി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് നഗരസഭാ ജീവനക്കാരിയോട് ആവശ്യപ്പെട്ടത്. അനിൽ കുമാർ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിലുണ്ട്.
മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്ക്കിലെ ജീവനക്കാരി രഹ്നയും തമ്മിലുള്ള ചാറ്റാണ് പുറത്തായത്. മെഡിക്കൽ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാർ പറഞ്ഞിട്ടാണ് ജനന സർട്ടിഫിക്കറ്റ് ചോദിക്കുന്നതെന്നാണ് അശ്വനി രഹനയോട് പറയുന്നത്. ഒക്ടോബർ 26-ാം തീയതിയാണ് ഈ സംഭാഷണം നടത്തിയിരിക്കുന്നത്. 2022 ഓഗസ്റ്റ് 27നാണ് കുഞ്ഞ് ജനിച്ചത്. ആ ദിവസം ജനന സർട്ടിഫിക്കറ്റുണ്ട്. ഇത് തിരുത്താനാണ് ശ്രമം നടന്നത്. ശ്രീന രതീഷ് ദമ്പതികളുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ഫോട്ടോ ആയി അയച്ചുതരുമോ എന്നാണ് അശ്വനി ആവശ്യപ്പെട്ടിരിക്കുന്നത്. അനിൽ കുമാറിന്റെ ബന്ധുവിന്റെ കുഞ്ഞാണെന്ന് പറഞ്ഞാണ് ജനന സർട്ടിഫിക്കറ്റ് രഹ്നയോട് ചോദിച്ചിരിക്കുന്നത്. എന്താ തിരുത്താനുളളതെന്ന് രഹ്ന ചോദിച്ചപ്പോൾ കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും പറയുന്നുണ്ട്. തുടർന്ന് രഹ്ന ജീവനക്കാരിക്ക് ബർത്ത് ഫോം അയച്ചുനൽകുകയായിരുന്നു.
അതേസമയം, സംഭവത്തിൽ സിഡബ്ല്യുസി വിശദമായ അന്വേഷണം നടത്തിവരികയാണ്. കേസ് പോലീസ് പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. വ്യാജ രേഖ ചമച്ചതും തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുട്ടിയെ കൈമാറിയതുമായ സംഭവം പ്രത്യേകമായിട്ടാകും തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുക. കളമശേരി മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുഞ്ഞ് ജനിച്ചത്. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിനെ അനൂപിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് സിഡബ്ല്യുസിക്ക് മുഴുവൻ വിവരങ്ങളും ലഭിച്ചു. കഴിഞ്ഞ ദിവസം കുഞ്ഞിനെ ചിൽഡ്രൻസ് ഹോമിലെത്തിച്ചിരുന്നു.