കേരളത്തിൽ 30 വര്‍ഷത്തിനിടയിലെ കൂടിയ മരണനിരക്ക് 2021ൽ; ന്യുമോണിയ മരണങ്ങൾ കുത്തനെ കൂടി
കേരളത്തിൽ കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് 2021ലെന്ന് റിപ്പോർട്ട്. കോവിഡിനെത്തുടർന്നുണ്ടായ ന്യുമോണിയ ബാധിച്ചാണ് പകുതി മരണങ്ങളും സംഭവിച്ചതെന്നാണ് ഡിപാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. 55 മുതൽ 70 വയസ്സുവരെ പ്രായമുള്ളവരാണ് മരിച്ചവരിലേറെയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2021ല്‍ കോവിഡിന്റെ രണ്ടാം തരംഗത്തിൽ 3.39 ലക്ഷം പേരാണ് മരിച്ചത്. അതായത് 2020 നെ അപേക്ഷിച്ച് 88,865 മരണം കൂടുതൽ റിപ്പോർട്ട് ചെയ്തു. 2021ല്‍ ക്രൂഡ് ഡെത്ത് റേറ്റ് (1000 പേരിൽ പ്രതിവര്‍ഷം മരിക്കുന്നവരുടെ നിരക്ക്) 9.66 എന്നനിലയിലാണ്. എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2019 ലും 2013ലും ഇത് 7.7 ആയിരുന്നു. ഇക്കാലയളവിൽ കോവിഡിനെ തുടര്‍ന്നുണ്ടായ ന്യുമോണിയ മരണം ബാധിച്ചു മരിച്ചവരുടെ എണ്ണം 49 ശതമാനം വർധിച്ചു. 55നും 70നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
ഈകാലയളവിൽ ഹൃദയാഘാതം, ആസ്തമ, കാന്‍സര്‍ തുടങ്ങിയ കാരണങ്ങളാല്‍ മരിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളേക്കാൾ കുറഞ്ഞപ്പോള്‍ ന്യൂമോണിയയും വാര്‍ധക്യസഹജവുമായ അസുഖങ്ങളെയും തുടര്‍ന്നുള്ള മരണനിരക്ക് ഉയര്‍ന്നു. ന്യൂമോണിയ ബാധിച്ചുള്ള മരണം 49 ശതമാനം വര്‍ധിച്ചു. സംസ്ഥാനത്ത് ന്യൂമോണിയ, വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ തുടങ്ങിയവകാരണം 37,441 പേര്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ 11 ശതമാനമാണ് ഇത്. 2020 മുതല്‍ വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 54,124 പേരാണ് മരിച്ചത്. 2021 ആയപ്പോഴേക്കും 68,104 ആയി ഉയര്‍ന്നു. മറ്റ് കാരണങ്ങള്‍ കൊണ്ടുള്ള മരണവും ഇക്കാലയളവില്‍ 37 ശതമാനം വരെ കൂടി.
സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടില്‍ മരണ കാരണം കോവിഡ് എന്നാണെന്ന് കാണിക്കുന്നില്ല. എന്നാൽ ചില വിഭാഗങ്ങളിലെ മരണസംഖ്യയിലെ ഉയര്‍ന്ന അനുപാതം കോവിഡ് 19ന്റെ ആഘാതത്തെ സാക്ഷ്യപ്പെടുത്തുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2023 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ വിവരങ്ങളനുസരിച്ച് 2020 മുതല്‍ 2023 മാര്‍ച്ചുവരെ 71,602 ആയിരുന്നു കോവിഡ് ബാധിച്ചുള്ള മരണ നിരക്ക്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന കണക്ക് പ്രകാരം നിരക്ക് 88,000ത്തിലെത്തിയതാണ് വ്യക്തമാകുന്നത് . 2020ലേയും 2021ലേയും ആകെ കോവിഡ് മരണങ്ങള്‍ 54,395 ആയാണ് രേഖകളിൽ വ്യക്തമാക്കുന്നത്.
അതേസമയം 2020-21 ലെ കോവിഡ് വര്‍ഷത്തിലെ നീതി ആയോഗിന്റെ സൂചികയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. തമിഴ്‌നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ചെറിയ സംസ്ഥാനങ്ങളില്‍ ത്രിപുരയുടേതാണ് മികച്ചപ്രവര്‍ത്തനം. എന്നാല്‍ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് ഡല്‍ഹിയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ലോക ബാങ്കിന്റേയും സഹകരണത്തോടെയാണ് നീതിആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2020-21 വര്‍ഷത്തിലെ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് 2022ല്‍ പുറത്തുവന്നിരുന്നെങ്കിലും അത് പരസ്യമാക്കിയിരുന്നില്ല.