വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്ര: മാർഗനിർദേശങ്ങള്‍ പുതുക്കി മോട്ടോർവാഹനവകുപ്പ്
സംസ്ഥാനത്തെ സ്കൂള്‍-കോളേജ് വിനോദയാത്രകള്‍ക്ക് ഉപയോഗിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പരിശോധന സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി മോട്ടോര്‍ വാഹന വകുപ്പ്. യാത്രയ്ക്ക് മുന്‍പ് സ്ഥാപന മേധാവികള്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കുകയും സ്‌കൂള്‍ പരിധിയില്‍ വരുന്ന മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ വാഹനം ഹാജരാക്കുകയും ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിത് വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടർന്നാണ് പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയത്.
പുതിയ നിര്‍ദേശപ്രകാരം യാത്ര ആരംഭിക്കുന്ന തീയതിക്ക് ഏഴ് ദിവസത്തിന് മുന്‍പ് സംസ്ഥാനത്തെ ഏതെങ്കിലും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസർക്കോ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കോ മുന്‍പാകെ വാഹനങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കുകയും വാഹനം പരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്യണം.
വാഹന പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി ഒരു പകര്‍പ്പ് ഡ്രൈവറിനോ ഉടമയ്‌ക്കോ നല്‍കുകയും ഓരോ പകര്‍പ്പുകള്‍ ഓഫീസ് മേധാവിയും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും കൈവശം വെയ്ക്കണം. വാഹന പരിശോധനയുടെ പേരില്‍ ഉടമയേയോ ഡ്രൈവറെയോ ബുദ്ധിമുട്ടിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് അനധികൃതമായി ലൈറ്റുകളും സൗണ്ട് സംവിധാനങ്ങളും ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുകയും വേഗപ്പൂട്ടുകളില്‍ കൃത്രിമം നടത്തിയ വാഹനങ്ങളുടെ ഫിറ്റ് നെസ് വ്യാപകമായി റദ്ദാക്കുകയും ചെയ്തിരുന്നു. എല്ലാ വാഹനങ്ങള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.