പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: മുൻ മാനേജർ റിജില്‍ അറസ്റ്റില്‍
പഞ്ചാബ് നാഷണൽ ബാങ്കിലുള്ള കോഴിക്കോട് കോർപറേഷൻ്റെ അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതിയെ പിടികൂടി. പിഎൻബി മുൻ സീനിയർ മാനേജർ എം പി റിജിലാണ് അറസ്റ്റിലായത്. ഇയാളുടെ മുൻകൂർ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. അതേസമയം, കോർപറേഷന് നഷ്ടമായ ബാക്കി തുക പിഎൻബി കൈമാറി.
മുക്കം മണാശ്ശേരിയിലെ ബന്ധുവീട്ടിൽ നിന്നാണ് റിജിലിനെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. കോർപറേഷന് നഷ്ടമായ രണ്ടര കോടി രൂപ ബാങ്ക് ഡിസംബർ മാസമാദ്യം തിരിച്ച് നല്‍കിയിരുന്നു. ഡയറക്ടർ ബോർഡ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കി തുക പിഎൻബി ഇന്ന് കൈമാറിയത്.
ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം പി റിജില്‍ 14.5 കോടി രൂപയാണ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തട്ടിയെടുത്തത്. ബാങ്കില്‍ കൃത്രിമ സ്റ്റേറ്റ്മെന്റുകള്‍ ചമച്ചാണ് തട്ടിപ്പു നടത്തിയത്. ഏറെനാളായി പണമിടപാട് നടക്കാത്ത അക്കൗണ്ടുകള്‍ വഴിയായിരുന്നു തട്ടിപ്പ്. തിരിമറിയെ തുടര്‍ന്ന് സസ്പെന്‍ഷനിലായ റിജില്‍ ഒളിവില്‍ കഴിയുകയായിരുന്നു.