ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

ഇന്റലിജന്‍സ് മേധാവിയായ എഡിജിപി മനോജ് ഏബ്രഹാമിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്
Published on

ഒടുവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ക്രമസമാധാന ചുമതലയില്‍ നിന്നു എഡിജിപിയെ നീക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടു. ഇന്റലിജന്‍സ് മേധാവിയായ എഡിജിപി മനോജ് ഏബ്രഹാമിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൌസിൽ ഇന്ന് രാവിലെ പത്തിന് ഉന്നതതല കൂടിക്കാഴ്ച നടന്നിരുന്നു. ഇതോടെ ഇന്നുതന്നെ നടപടി ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. 32 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നടപടി ഉണ്ടായത്. അതേസമയം ബറ്റാലിയൻ ADGP സ്ഥാനത്ത് അജിത് കുമാർ തുടരും.

നിരവധി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷവും എഡിജിപി അജിത് കുമാറിനെ കൈവിടാത്ത നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാനം വരെയും സ്വീകരിച്ചത്. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ അജിത് കുമാര്‍ തല്‍സ്ഥാനത്തു തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അജിത്കുമാറിനെതിരേ നടപടി വേണമെന്ന് ഇടതുമുന്നണിയില്‍ നിന്നു തന്നെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ നടപടി സ്വീകരിക്കൂയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിച്ച് 24 മണിക്കൂറിനകം നടപടി സ്വീകരിച്ചതോടെ സിപിഎമ്മിനും മുഖ്യമന്ത്രിക്കും താല്‍ക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നടപടിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വാഗതം ചെയ്തു. ''ഇത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിജയമാണ്'' എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആദ്യപ്രതികരണം.

logo
The Fourth
www.thefourthnews.in