എം ടി ലക്ഷ്യംവച്ചത് ആരെ? പിണറായിയെയോ അതോ മോദിയെയോ? നേതൃപൂജ വിമർശത്തിൽ രണ്ടാംദിവസവും ചർച്ച സജീവം
ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എം ടി വാസുദേവൻ നായർ കെ എൽ എഫ് വേദിയിൽ നടത്തിയ പ്രസംഗം രണ്ടാം ദിവസവും കൂടുതൽ സജീവ ചർച്ചയായി തുടരുകയാണ്. കോഴിക്കോട്ട് നടക്കുന്ന കെ എൽ എഫിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തികൊണ്ട് എം ടി നടത്തിയ പ്രസംഗം ആരെ ഉദ്ദേശിച്ചാണെന്നതാണ് തർക്കവിഷയം. രാഷ്ട്രീയ നേതാക്കൾ മുതൽ കലാ- സാംസ്കാരിക രംഗത്തെ പ്രമുഖർ വരെ ഈ സംവാദത്തിൽ പങ്കാളികളാണ്.
ഭരണകർത്താക്കളുടെ അധികാര ദുഷിപ്പിനെ രൂക്ഷഭാഷയിൽ വിമർശിക്കുന്നതായിരുന്നു എം ടിയുടെ പ്രസംഗം. ഇത് പിണറായി വിജയനെ ഉദ്ദേശിച്ചുകൊണ്ടാണെന്ന് വലിയൊരു വിഭാഗം പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മറ്റു ചിലരും അഭിപ്രായപ്പെടുന്നത്. പക്ഷേ പ്രസംഗം കേട്ട പലർക്കും എം ടി വിമർശിച്ചത് പിണറായി വിജയനെ ആണെന്നാണ് തോന്നിയത്.
കാലത്തിന്റെ ചുവരെഴുത്താണ് എം ടി വായിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അധികാരം എങ്ങനെ മനുഷ്യനെ നശിപ്പിക്കുന്നുവെന്നും അഹങ്കാരത്തിലേക്കും ധാര്‍ഷ്ട്യത്തിലേക്കും നയിക്കുവെന്നും നാം കാണുന്നു. പ്രതിഷേധങ്ങളെ ഭയക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഇതൊക്കെ കണ്ട് എം ടിയെപ്പോലെയുള്ള ഒരാള്‍ പ്രതികരിച്ചതില്‍ വലിയ സന്തോഷമുണ്ട്. എം ടിയുടെ വിമര്‍ശം മുഖ്യമന്ത്രിയുടെ സ്തുതിപാഠകര്‍ കേള്‍ക്കണം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി അദ്ദേഹം പറഞ്ഞ മൂര്‍ച്ചയേറിയ വാക്കുകള്‍ ഒരുകാരണവശാലും ബധിരകര്‍ണങ്ങളില്‍ പതിക്കരുതെന്നും സതീശന്‍ പറഞ്ഞു.
എം ടിയുടെ വാക്കുകൾ പിണറായിക്ക് നേരെയാണെന്നാണ് കോൺഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. അത് ഇ പി ജയരാജനും മനസിലായിട്ടുണ്ടെങ്കിലും കാര്യം പറഞ്ഞാൽ പണിപോകുമെന്ന ഭയമാണ് അദ്ദേഹത്തിനെന്നാണ് മുരളീധരൻ സംഭവത്തോട് പ്രതികരിച്ചത്.
എന്നാൽ, ഇത് വേണ്ടാത്ത വിവാദമാണെന്നും എം ടി സൂചിപ്പിച്ചത് മോദിയെയാണെന്നുമുള്ള നിലപാടിൽ അടിയുറച്ച് നിൽക്കുകയാണ് ഇ പി. അദ്ദേഹം അത് ഇന്ന് വീണ്ടും ആവർത്തിക്കുകയും ചെയ്തിരുന്നു. എം ടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസിന്റെയും സജി ചെറിയാന്റെയും പ്രതികരണം. നവകേരള സദസിലെ പിന്തുണ കണ്ട് വിറളി പിടിച്ചവർ എം ടിയുടെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചുവെന്നും മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് മാധ്യമങ്ങള്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
പ്രസംഗമെന്തായാലും എഴുതി തയാറാക്കിയത് എം ടി തന്നെയാണെന്ന് സൂചിപ്പിക്കും വിധം അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് സാഹിത്യ നിരൂപകൻ എൻ ഇ സുധീർ കഴിഞ്ഞ ദിവസം തന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. "ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്," കെ എൽ എഫ് വേദിയിലെ പ്രസംഗത്തിനുശേഷം എംടി തന്നോട് ഇങ്ങനെ പറഞ്ഞുവെന്നും ആ കുറിപ്പിൽ എൻ ഇ സുധീർ എഴുതി.
അതേസമയം, ഇഎംഎസിനെ ഉദാഹരിച്ചുകൊണ്ടു എങ്ങനെയാണ് അധികാരം ജനക്ഷേമത്തിനു വേണ്ടി പ്രയോഗിക്കേണ്ടതെന്നാണ് എംടി പറഞ്ഞതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പ്രതികരിച്ചു. എം ടിയുടെ വാക്കുകൾക്ക് അപ്പുറം ബാക്കിയെല്ലാം വിവക്ഷകളാണ്. അതില്‍ നിന്ന് പലര്‍ക്കും പല അര്‍ഥങ്ങളും കണ്ടുപിടിക്കാം. ആ രീതിയില്‍ കണ്ടുപിടിക്കപ്പെട്ട അര്‍ഥങ്ങളാണന്നേ പറയാന്‍ പറ്റൂ.
എനിക്കു തോന്നിയത് അധികാരത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട പ്രസ്താവമായിരുന്നു നിശ്ചയമായിട്ടുമത്. അധികാരം പ്രധാനമായും പ്രയോഗിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ്, അല്ലാതെ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ അവരവരുടെ അധികാരം പ്രകടിപ്പിക്കുന്നതിനുവേണ്ടിയോ അല്ലായെന്നുള്ള ഒരു പൊതുവായ അഭിപ്രായപ്രകടനമായിട്ടാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രി അവിടെ ഇരിക്കുന്നത് കൊണ്ട് ആ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്, നടത്തുന്നുണ്ട്. പക്ഷേ ആ രീതിയില്‍ കാണണമെന്നില്ല.
പല രീതിയിലും അതിനെ വ്യാഖ്യാനിക്കാമായിരിക്കും. അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടോയെന്ന് എംടിയോട് തന്നെ ചോദിക്കണം. ഇഎംഎസിനെ മാതൃകയാക്കണമെന്നു എംടി ഉദ്ദേശിച്ചിട്ടുണ്ട്. ഇഎംഎസ് തീര്‍ച്ചയായും ഒരു മാതൃകയാണ്. ഒരു വിമോചന പ്രസ്ഥാനമെന്ന നിലയ്ക്കാണ് കമ്യൂണിസം വരുന്നത്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് കമ്യൂണിസം പ്രവര്‍ത്തിക്കേണ്ടത്.കമ്യൂണിസം അതിന്റെ അടിസ്ഥാന മൂല്യങ്ങള്‍ പുലര്‍ത്തുകയും നിലനിര്‍ത്തുകയും വേണമെന്നാണ് എംടി പറഞ്ഞത്. അത് ഒരു പോസിറ്റീവ് ആയാണ് അദ്ദേഹം പറഞ്ഞത്. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ എല്ലാക്കാലത്തും കമ്യൂണിസ്റ്റുകള്‍ പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ അതില്‍ നിന്ന് അകന്നു പോകുന്നതായി എംടി പറഞ്ഞിട്ടില്ല.
അമിതാധികാര പ്രയോഗത്തിനെതിരായ സാമാന്യ പ്രസ്താവം എന്ന നിലയ്ക്കാണ് അത് എടുക്കേണ്ടത്. അങ്ങനെയെങ്കില്‍ അത് ഇന്ത്യയുടെ ഇന്നത്തെ സന്ദര്‍ഭത്തെയും കണക്കിലെടുക്കണം. ഇന്ത്യയില്‍ ഇപ്പോള്‍ അങ്ങേയറ്റത്തെ അമിതാധികാര പ്രയോഗമാണ് നടക്കുന്നത്. ആ സാഹചര്യത്തില്‍ എന്തുകൊണ്ടു കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പ്രധാനമാകുന്നു. എന്തുകൊണ്ട് യഥാര്‍ഥമായ തുല്യതയ്ക്കു വേണ്ടിയും വിമോചനത്തിനു വേണ്ടിയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രധാനമാകുന്നു? എന്തുകൊണ്ട് അത് അപചയിച്ചുകൂട? എന്തുകൊണ്ട് അത് നിലനില്‍ക്കുകയും നിലനില്‍ക്കുന്ന അധികാര വ്യവസ്ഥയ്‌ക്കെതിരേ പൊരുതുകയും വേണം?എന്നുള്ള പ്രസ്താവമായി വ്യാഖ്യാനിക്കാം. നമ്മള്‍ കേരള സന്ദര്‍ഭം മാത്രമായി ചുരുക്കേണ്ടതില്ല. ഒരാളെയും ചൂണ്ടിപ്പറയുകയോ എടുത്തുപറയുകയോ അല്ല അദ്ദേഹം ചെയ്തതെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
എം ടിയുടെ പ്രസംഗം പിണറായിയെ തന്നെയാണെന്ന് ഉറപ്പിച്ച രീതിയിലുള്ള പല പ്രതികരണങ്ങൾ വേറെ കോണുകളിൽനിന്ന് ഉയർന്നിരുന്നു. അങ്ങനെ ചെയ്യാൻ എം ടി കാണിച്ച ധൈര്യത്തെ ഇക്കൂട്ടർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. അതിലൊരാൾ ചലച്ചിത്ര നടൻ ഹരീഷ് പേരടിയാണ്. ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് അദ്ദേഹമെന്നാണ് എം ടിയെ ഹരീഷ് പേരടി ഫേസ്ബുക്കിൽ വിശേഷിപ്പിച്ചത്.
സമാനമാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്റെയും പ്രതികരണം. സർവ്വാധികാരിയെന്ന് അഹങ്കരിക്കുന്നവരുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്കുനേർ നിന്ന് എം ടി ചോദിച്ചുവെന്നാണ് ജോയ് മാത്യു കുറിച്ചത്. മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരനുണ്ടെങ്കിൽ അത് എം ടി യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒത്തിരി നാളുകള്‍ക്കുശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനില്‍നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നതെന്നാണ് എം ടിയുടെ പ്രസംഗത്തെ ഗീവർഗീസ് മാർ കൂറിലോസ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ''എംടിക്ക് നന്ദി... അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം... മൂര്‍ച്ചയുള്ള ശബ്ദം... കാതുള്ളവര്‍ കേള്‍ക്കട്ടെ... അധികാരം അടിച്ചമര്‍ത്താന്‍ ഉള്ളതല്ല... അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ...'' എന്നും അദ്ദേഹം കുറിച്ചു.
വെള്ളിയാഴ്ചത്തെ പത്രങ്ങളിലും സമാനമായൊരു ട്രെൻഡ് കാണാം. മാതൃഭൂമി ദിനപത്രത്തിന്റെ 'കാകദൃഷ്ടി' എന്ന കാർട്ടൂൺ കോളത്തിൽ 'രണ്ടാമൂഴം കൊണ്ടേ പോകൂ' എന്ന അടിക്കുറിപ്പോടെയാണ് എം ടിയുടെ വിമർശനത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ മാധ്യമത്തിലെ കാർട്ടൂണിസ്റ്റായ വി ആർ രാഗേഷും ഈ വിഷയത്തെ ആസ്പദമാക്കിയാണ് കാർട്ടൂൺ തയാറാക്കിയിരിക്കുന്നത്. കെ എൽ എഫ് വേദിയിൽ എം ടി പ്രസംഗിക്കുന്നതിനെ തന്നെ കലാകാരൻ ചിത്രീകരിച്ചിട്ടുണ്ട്.
അതേസമയം, ഇതൊക്കെ സമുന്നത നേതാവായി തുടരുന്ന പിണറായി വിജയനെതിരെ വലതുമാധ്യമങ്ങൾ കെട്ടിച്ചമക്കുന്നതാണെന്ന് ആരോപിച്ച് പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ രംഗത്തുവന്നിരുന്നു. വലതുമാധ്യമങ്ങളാണ് ഇതിനുപിന്നിലെന്നാണ് അദ്ദേഹം വാദിക്കുന്നത്.
എം ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തോന്നിയിട്ടില്ലെന്നും എംടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നുമാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രതികരണം. എംടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ല, അത് അദ്ദേഹം തന്നെ പറയണം. എം ടിയുടെ വിമര്‍ശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാം. മാധ്യമങ്ങളാണ് ആദ്യം സ്വയം വിമര്‍ശനം നടത്തേണ്ടത്. ഇ എം എസ് ജീവിച്ചിരിക്കുമ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ലെന്നും ഷംസീര്‍ പറഞ്ഞു.
ചർച്ചകളെല്ലാം ഇങ്ങനെയാണെന്നിരിക്കെ തന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ലെന്ന് എംടി ദേശാഭിമാനിയോട് പ്രതികരിച്ചതായി പത്രം റിപ്പോർട്ട് ചെയ്തിരുന്നു. "മാധ്യമങ്ങൾ കൽപ്പിച്ച് പറയുന്ന വിവാദത്തിനും ചർച്ചയ്ക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണ് ഞാൻ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴക്കേണ്ടതില്ല," എന്ന് എം ടി പറഞ്ഞുവെന്നാണ് ദേശാഭിമാനിയുടെ റിപ്പോർട്ട്.