ജലനിരപ്പ് കുറയാതെ മുല്ലപ്പെരിയാര്‍; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത, കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍
പത്ത് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതെ മുല്ലപ്പെരിയാര്‍. ഡാമിലെ ജലനിരപ്പ് 138.05 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മുന്നറിയിപ്പ് പരിധിയില്‍ താഴെയാണ് പെരിയാറിലെ ജലനിരപ്പ്.
വൃഷ്ടിപ്രദേശങ്ങളിലെ മഴ സാഹചര്യവും ആലുവ, പെരിയാര്‍ തീരത്തെ ജലനിരപ്പും പരിശോധിച്ച ശേഷമേ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയുള്ളൂ.
ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 2382.30 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാല്‍ ജലനിരപ്പ് പിന്നെയും ഉയരും. വൃഷ്ടിപ്രദേശങ്ങളിലെ മഴ സാഹചര്യവും ആലുവ, പെരിയാര്‍ തീരത്തെ ജലനിരപ്പും പരിശോധിച്ച ശേഷമേ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. അടിയന്തിരമായി ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്നലെ വ്യക്തമാക്കിയത്.
അതേസമയം, മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. മുന്നറിയിപ്പ് പരിധിയിലും താഴെ 6.90 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. പറമ്പിക്കുളത്തുനിന്നും തുണക്കടവില്‍ നിന്നും 8500 ക്യുസെക്‌സ് വെള്ളം മാത്രമാണ് പെരിങ്ങല്‍ക്കുത്തില്‍ എത്തുന്നത്. അതേസമയം, ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ക്യാംപുകളില്‍ കഴിയുന്നവരുടെ തിരിച്ചുവരവിന് സമയമെടുക്കും.
ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ട് കടമുറിയും അമ്പലവും മണ്ണിനടിയിലായെങ്കിലും ആളപായമില്ല. 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കുറച്ചുപേരെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. മൂന്നാര്‍ വട്ടവിള ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.