കെ.എസ് ശബരീനാഥന്‍
കെ.എസ് ശബരീനാഥന്‍

മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസ്; ശബരീനാഥന് ജാമ്യം

മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം
Updated on
1 min read

മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന് ഉപാധികളോടെ ജാമ്യം. മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം. 20,21,22 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. 50,000 രൂപയുടെ രണ്ടാള്‍ ജാമ്യം വേണമെന്നുമാണ് ഉപാധികള്‍. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ നാലാം പ്രതിയാണ് ശബരീനാഥന്‍.

ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രം ശബരീനാഥനാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഒന്നാം പ്രതിക്ക് പ്രതിഷേധിക്കാനുള്ള നിര്‍ദേശം നല്‍കിയത് ശബരീനാഥനാണ്. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിക്കുന്നതിനു മുന്‍പ് യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സാപ്പ് ഗ്രൂപ്പില്‍ ശബരീനാഥനാണ് പ്രതിഷേധിക്കാമെന്ന ചര്‍ച്ച തുടങ്ങിവെച്ചത്. തുടര്‍ന്ന് ഒന്ന്, മൂന്ന് പ്രതികളെ നിരവധി തവണ വിളിച്ച് പ്രതിഷേധിക്കാന്‍ നിര്‍ദേശം നല്‍കിയതും ശബരീനാഥനാണ്. നാല് തവണ പ്രതികളെ വിളിച്ചിരുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, അറസ്റ്റ് നിയമപരമല്ലെന്ന് ശബരീനാഥന്‍ കോടതിയില്‍ പറഞ്ഞു. ഫോണ്‍ കസ്റ്റഡിയിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ഫോണ്‍ തരാമെന്നായിരുന്നു ശബരീനാഥന്‍റെ മറുപടി. എന്നാല്‍, ഉപയോഗിച്ച ഫോണ്‍ മാറ്റിയെന്നും യഥാർഥ ഫോണ്‍ കണ്ടെത്തണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

വധശ്രമമല്ലെന്നും ആയുധങ്ങളില്ലായിരുന്നുവെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം നിലനില്‍ക്കില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. മുഖ്യമന്ത്രിയെ വകവരുത്തുമെന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചതെന്നതിനാല്‍ ഉദ്ദേശ്യം തള്ളിക്കളയാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കൂടുതല്‍ പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തോയെന്ന് വ്യക്തമാകാന്‍ ശബരീനാഥനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്‍റെ ആവശ്യം.

logo
The Fourth
www.thefourthnews.in