കേരളത്തിൽ മുസ്ലീങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല; മുസ്ലീംലീഗ് ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വര്‍ഗീയത കാണുന്നു
കേരളത്തില്‍ മുസ്ലീം സമുദായത്തിന് പല മേഖലകളിലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ മുസ്ലീം സമുദായത്തിന് ലഭിക്കുന്നില്ല. ഈ വിഷയം ഗൗരവകരമായി പരിഗണിക്കേണ്ട ഒന്നാണെന്നും പിഎംഎ സലാം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ മുസ്ലീം നേതാക്കളുടെ എണ്ണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം വലിയ ജയം സ്വന്തമാക്കിയത് മുസ്ലീംലീഗിന്റെ കൂടി പിന്തുണയോടെ
മുസ്ലീംലീഗ് യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടാല്‍ അത് വര്‍ഗീയമായി ഉയര്‍ത്തിക്കാട്ടുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. ലീഗ് ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അതില്‍ വര്‍ഗീയത കാണുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം വലിയ ജയം സ്വന്തമാക്കിയത് മുസ്ലീംലീഗിന്റെ കൂടി പിന്തുണയോടെയാണെന്നത് യാഥാര്‍ഥ്യമാണ്.
ലീഗ് പിന്തുണയോടെയാണ് എന്നത് ഉത്തരേന്ത്യയില്‍ പ്രചാരണ വിഷയമാകുന്നത് കോണ്‍ഗ്രസിന് പ്രശ്‌നമാണെങ്കില്‍ എന്തിനാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചത്. എന്തിനാണ് കോണ്‍ഗ്രസ് ലീഗുമായി സഹകരിക്കുന്നത്. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചപ്പോഴെല്ലാം വലിയ തിരിച്ചടി നേരിട്ടിരുന്നു. തെറ്റ് മനസിലാക്കി പ്രവര്‍ത്തിച്ചതോടെയാണ് കര്‍ണാടകയിലെ വലിയ വിജയത്തിന് വഴിയൊരുക്കിയത്. കോണ്‍ഗ്രസ് ഹിന്ദുത്വ കാര്‍ഡിറക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും ദയനീയമായി പരാജയപ്പെടുമെന്നും പിഎംഎ സലാം മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തില്‍ എന്തുകൊണ്ടൊരു മുസ്ലീം ലീഗ് എംഎല്‍എയ്ക്ക് മുഖ്യമന്ത്രി ആയിക്കൂട
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്നത് കോണ്‍ഗ്രസ് ആണ് തീരുമാനിക്കേണ്ടത്. ആര് മത്സരിച്ചാലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജയം സുനിശ്ചിതമാക്കുക എന്നതാണ് ലീഗിന്റെ ദൗത്യം. മുസ്ലീം ലീഗ് നിലവില്‍ യുഡിഎഫിന്റെയും, ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെയും ഭാഗമാണ്. രാഷ്ട്രീയ സഹചര്യങ്ങളാണ് നിലപാടുകളെ സ്വാധീനിക്കുന്നത്. നിലവില്‍ അത്തരം ഒരു സാഹചര്യം കേരളത്തില്‍ ഇല്ല എന്നും മുന്നണി മാറ്റ സാധ്യതകളെ കുറിച്ച് പിഎംഎ സലാം ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ എന്തുകൊണ്ടൊരു മുസ്ലീം ലീഗ് എംഎല്‍എയ്ക്ക് മുഖ്യമന്ത്രി ആയിക്കൂട എന്ന ചോദ്യവും പിഎംഎ സലാം മുന്നോട്ട് വയ്ക്കുന്നു. കോണ്‍ഗ്രസില്‍ ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തിനാണ് മറ്റ് പാര്‍ട്ടിയിലെ ഒരാളെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണം. ലീഗിന് സ്വന്തം പ്രതിനിധിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമെന്നും പിഎംഎ സലാം തമാശ രൂപേണ പറഞ്ഞുവയ്ക്കുന്നു.