'പൊതു വിഷയങ്ങളിലെ സമാന നിലപാട് മാത്രം'; മുസ്ലീം ലീഗിന്റെ മുന്നണി പ്രവേശം അജണ്ടയിലില്ലെന്ന് സിപിഎം
മുസ്ലീംലീഗുമായി ബന്ധപ്പെട്ട മുന്നണിമാറ്റ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി സിപിഎം. ലീഗിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കുക എന്നത് അജണ്ടയില്‍ ഇല്ലെന്നാണ് സിപിഎം നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
ബിജെപിയ്ക്ക് എതിരെ ഓരോ സംസ്ഥാനത്തും ശക്തിയുള്ള പ്രദേശിക രാഷ്ട്രീയപാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമാന നിലപാട് സ്വീകരിക്കുന്നത് മുന്നണി രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എക സിവില്‍ കോഡ്, പലസ്തീന്‍ ഐക്യദാര്‍ഢ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പ്രതികരണം.
ബിജെപിയ്ക്ക് എതിരെ ഓരോ സംസ്ഥാനത്തും ശക്തിയുള്ള പ്രദേശിക രാഷ്ട്രീയപാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പ്രാദേശികമായി സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വലിയ ആപത്ത് നേരിടേണ്ടി വരും. വയനാട്ടില്‍ രാഹുല്‍ മത്സരിക്കന്ന സാഹചര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ എംവി ഗോവിന്ദന്‍ ബി ജെ പിക്കെതിരെയാണ് കോണ്‍ഗ്രസ് നേതാവ് മത്സരിക്കേണ്ടതെന്നും പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. രാഹുല്‍ ഇവിടെ അല്ല മത്സരിക്കേണ്ടത് ഇവിടെയല്ലെന്ന് സാമാന്യ മര്യാദ ഉള്ളവര്‍ക്ക് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയവും സംഘടനാപരവുമായും പരാജയം നേരിട്ടു. ഹിന്ദി ഹൃദയ ഭൂമിയില്‍ ഹിമാചല്‍പ്രദേശ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. തിരഞ്ഞെടുപ്പ് ഫലത്തോടെ പ്രദേശിക പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തിനില്‍ക്കുകയാണ്. ഇന്ത്യ മുന്നണിയുടെ ഭാഗമായി ഐക്യം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ഒറ്റയ്ക്ക് ജയിക്കാം എന്നായിരുന്നു തിയറി. ഇത് കനഗോലു സിദ്ധാന്തമാണ്.
ബിജെപി ഉയര്‍ത്തിവിടുന്ന തികഞ്ഞ വര്‍ഗീയതയെ കോണ്‍ഗ്രസ് നേരിടാന്‍ ശ്രമിച്ചത് മൃദു ഹിന്ദുത്വം എന്ന ആശയം കൊണ്ടാണ്. സംഘപരിവാറിനെക്കാള്‍ വലിയ ഹിന്ദുത്വ അജണ്ടയായിരുന്നു മധ്യപ്രദേശില്‍ കമല്‍നാഥ് ഉയര്‍ത്തിയത്. രാമന് പകരം ഹനുമാനെ വെച്ചായിരുന്നു കോണ്‍ഗ്രസ് പ്രചരണം. രാജസ്ഥാനില്‍ സി പി എമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബി ജെ പിക്ക് വോട്ട് കൊടുത്തു. യുപിയില്‍ സീറ്റ് കിട്ടാത്തത് കൊണ്ടാണ് ഇന്ത്യ മുന്നണിയുടെ ഭാഗമായവര്‍ക്കെതിരെ കേരളത്തില്‍ മത്സരിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയാണോ കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ ആകാന്‍ ശ്രമിക്കുന്നത് എന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.