നവകേരള സദസിന് മുസ്ലിം ലീഗ് നേതാവിന്റെ ആശംസ; പ്രഭാത വിരുന്നിൽ പങ്കെടുത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ എ അബൂബക്കർ
രാഷ്ട്രീയ മുന്നണി സമവാക്യങ്ങൾ മാറിയേക്കുമെന്ന ചർച്ചകൾക്കിടയിൽ കേരള സർക്കാരിന്റെ നവകേരള പരിപാടിയുടെ വേദിയിൽ മുസ്ലിം ലീഗ് നേതാവ്. ലീഗിന്റെ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ എൻ എ അബൂബക്കറാണ് നവകേരള സദസ്സിന്റെ പ്രഭാത വിരുന്നിൽ പങ്കെടുക്കാനെത്തിയത്. നവകേരള സദസിന് ആശംസയറിയിച്ച അബൂബക്കർ, ലീഗിന്റെ പ്രതിനിധിയായിട്ടല്ല താനെത്തിയതെന്നും പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സിപിഎമ്മുമായി കൂടുതൽ അടുക്കുന്നുവെന്ന് ആരോപണങ്ങൾ നിലനിൽക്കെയാണ് സംഭവം.
സി എച്ച് സെന്‍റർ ട്രെഷറർ കൂടിയാണ് എൻ എ അബൂബക്കർ. ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തിയ സെമിനാർ, അടുത്തിടെ സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലി എന്നിവയിലേക്ക് മുസ്ലിം ലീഗിനും ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടതില്ല എന്നതായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇത് യുഡിഎഫിൽ അതൃപ്തിയുണ്ടാക്കുമെന്ന വിലയിരുത്തലിലായിരുന്നു അങ്ങനെയൊരു നിലപാടിലേക്ക് ലീഗെത്തിയത്. ക്ഷണിച്ചാല്‍ പലസ്തീൻ അനുകൂല റാലിയിൽ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നെങ്കിലും പിന്നീട് സംഘടനാ നേതൃത്വം മറിച്ചൊരു തീരുമാനമെടുക്കുകയായിരുന്നു.
ഏറ്റവുമൊടുവിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് നേതാവും എം എൽ എയുമായ അബ്ദുൽ ഹമീദ് മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടതും, അത് ലീഗ് അംഗീകരിക്കുകയും ചെയ്തത് യു ഡി എഫിനുള്ളിൽ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഷിബു ബേബി ജോൺ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ യുഡിഎഫിലെ മറ്റു നേതാക്കളും പല കോർപറേഷനുകളിലും ബോർഡുകളിലും അംഗങ്ങളായിട്ടുണ്ട് എന്നോർമിപ്പിച്ചാണ് മുസ്ലിം ലീഗ് വിഷയത്തെ പ്രതിരോധിച്ചത്.
തീരുമാനിച്ചുറപ്പിച്ചാണോ ലീഗ് ഇറങ്ങിയിരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിൽ ലീഗ് നേതാവ് പങ്കെടുക്കുന്നതിലൂടെ ഉയരുന്നത്. കൂടുതൽ ലീഗ് നേതാക്കൾ പങ്കെടുക്കുമെന്ന് സൂചനകൾ വരുന്നതിലൂടെ നവകേരള യാത്ര കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ ചില ചുവടുമാറ്റങ്ങളിലേക്കാണ് നീങ്ങുന്നതെന്ന് വിലയിരുത്തേണ്ടി വരും