ഏക സിവില്‍ കോഡ് വിരുദ്ധ സെമിനാറിലേക്ക് ക്ഷണിക്കേണ്ടത് ഇങ്ങനെയല്ല; സിപിഎമ്മിന് മറുപടിയുമായി മുസ്ലിം ലീഗ്
ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്കുള്ള ക്ഷണത്തിന് മറുപടിയുമായി മുസ്ലിം ലീഗ്. മുസ്ലിം ലീഗിനെ വിളിക്കേണ്ടത് ഇങ്ങനെയല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സിപിഎം ഔദ്യോഗികമായി ക്ഷണിക്കുകയാണെങ്കില്‍ അപ്പോള്‍ മറുപടി പറയാമെന്നും സലാം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ കേസ് എടുത്തവരെ എങ്ങനെയാണ് വിശ്വസിക്കാനാവുക? മുസ്ലിം ലീഗും ഏകസിവിൽകോഡ് വിരുദ്ധ സെമിനാർ എറണാകുളത്ത് സംഘടിപ്പിക്കുന്നുണ്ട്. അതിലേക്ക് സിപിഎമ്മിനെ ക്ഷണിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പി എം എ സലാം പറഞ്ഞു. ലീഗിന്റെ രാഷ്ട്രീയ ശത്രുക്കൾ എന്ത് നീക്കം നടത്തിയാലും അത് ലീഗിനെ ബാധിക്കാറില്ല. കോൺഗ്രസ് ഏക സിവിൽ കോഡിന് എതിരാണ്. ശരീഅത്ത് വിവാദ കാലത്ത് നിന്നുള്ള സിപിഎം നിലപാട് മാറ്റം സ്വാഗതാർഹമാണെന്നും സലാം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ കേസ് എടുത്തവരെ എങ്ങനെയാണ് വിശ്വസിക്കാനാവുക?
ഏക സിവിൽ കോഡ് എല്ലാ വിഭാഗം വിശ്വാസികളെയും ബാധിക്കും. സിവിൽ കോഡ് മുസ്ലിം പ്രശ്നം മാത്രമായി മുസ്ലിം ലീഗ് കാണുന്നില്ല. എന്നാല്‍ മുസ്ലിം വിരുദ്ധ പ്രശ്നമാക്കി മുതലെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. എല്ലാവരോടും ചേർന്നുള്ള പോരാട്ടമാണ് ലീഗ് തീരുമാനിച്ചത്. മുസ്ലിം കോഡിനേഷൻ കമ്മിറ്റി യോഗം നാളെ കോഴിക്കോട് ചേരും. ഭരണഘടനയുടെ അടിസ്ഥാന നയങ്ങൾക്കെതിരാണ് ബിജെപിയുടെ പടപ്പുറപ്പാട്. വിഷയം കത്തിച്ചു നിർത്തുക എന്നുള്ളതാണ് ബിജെപിയുടെ ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏക സിവില്‍ കോഡ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മുസ്ലിം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിലാണ് മുസ്ലിം ലീഗിന്റെ പ്രതികരണം. യുസിസിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പല തട്ടിലാണെന്നും മുസ്ലിം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന.
ഈ മാസം 15ന് കോഴിക്കോട് വച്ച് ഏക സിവില്‍ കോഡ് വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകളെയും സെമിനാറിലേക്ക് ക്ഷണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു.