മുസ്ലിം ലീഗിലെ പ്രതികരണ വിലക്ക് സിപിഎം ക്ഷണത്തിലെ ഭിന്നത മറയ്ക്കാനോ?
മുസ്ലിം ലീഗിലെ ഭിന്നത പ്രകടമാക്കി ഏകസിവില്‍ കോഡ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ യോജിക്കാമെന്ന സിപിഎം ക്ഷണത്തോടുള്ള പ്രതികരണങ്ങൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ക്ഷണത്തോട് ഔദ്യോഗിക നേതൃത്വം മൃദുസമീപനം സ്വീകരിച്ചപ്പോള്‍ തുറന്ന് എതിര്‍ക്കുകയായിരുന്നു എം കെ മുനീറും കെ എം ഷാജിയും ഉള്‍പ്പെടുന്ന വിമത പക്ഷം. നേതാക്കള്‍ക്ക് മുസ്ലിം ലീഗ് ഏര്‍പ്പെടുത്തിയ പ്രതികരണവിലക്കിന്റെ പശ്ചാത്തലവും ഇതുതന്നെ. ചെറുതുരുത്തിയില്‍ നടന്ന മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പിലെ തീരുമാനങ്ങളിലൊന്നാണ് നേതാക്കള്‍ക്കുള്ള മാധ്യമവിലക്ക്.
സാദ്ദിഖലി തങ്ങളുടെ അനുമതിയില്ലാതെ ചില നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. പാർട്ടി തീരുമാനങ്ങൾ പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നിയോഗിക്കപ്പെട്ട ഭാരവാഹികൾ അറിയിക്കും
സാദ്ദിഖലി തങ്ങള്‍ പറയുന്നതാണ് മുസ്ലിം ലീഗിലെ അന്തിമ വാക്കെന്നും അതിനപ്പുറത്തേക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസംഗങ്ങളും വാർത്താസമ്മേളനങ്ങളും പാടില്ലെന്നും സംശയത്തിനിടയില്ലാതെ തന്നെ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. സാദ്ദിഖലി തങ്ങളുടെ അനുമതിയില്ലാതെ ചില നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് സലാം പറയുന്നു. പാർട്ടി തീരുമാനങ്ങൾ പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിയോഗിക്കപ്പെട്ട ഭാരവാഹികൾ അറിയിക്കും. അതിനപ്പുറത്തേക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും സമൂഹമാധ്യമ ഇടപെടലുകളും പാടില്ലെന്ന് പിഎംഎ സലാം പറയുമ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് വിമതപക്ഷത്തെയാണ്.
പ്രതികരണ വിലക്കിന്റെ പശ്ചാത്തലം
സാദിഖലി തങ്ങള്‍ ഉള്‍പ്പെടെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ എം വി ഗോവിന്ദന്റെ ക്ഷണത്തെ സ്വാഗതം ചെയ്തപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമമെന്ന് പറഞ്ഞ് തുറന്നെതിര്‍ത്തത് എം കെ മുനീറായിരുന്നു. ശരീഅത്ത് വിഷയത്തിലെ മാര്‍ക്‌സിസ്റ്റ് നിലപാടില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. ഏക സിവിൽ കോഡ് സംബന്ധിച്ച നിലപാട് വ്യക്തമാക്കേണ്ടത് കോൺഗ്രസല്ലെന്നും ഇഎംഎസ് പറഞ്ഞത് ശരിയാണോ തെറ്റാണോയെന്ന് പറയേണ്ടത് സിപിഎം ആണെന്നുമായിരുന്നു എം കെ മുനീറിന്‍റെ വാക്കുകള്‍.
എം വി ഗോവിന്ദന്റെ ക്ഷണം സിപിഎം ഒരുക്കിയ കെണിയാണെന്ന് ചര്‍ച്ച മാറിയതില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. നേതാക്കള്‍ക്കുള്ള മാധ്യമവിലക്ക് ഇതിന്റെ തുടര്‍ച്ചയാണെന്നാണ് സൂചന
യു സി സിയുടെ ഗുണഭോക്താക്കളാവാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പറഞ്ഞ് കെ എം ഷാജിയും ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. യോജിച്ച് സമരം നടത്തിയ എന്‍ ആര്‍ സി പ്രക്ഷോഭകാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കാതെ ഇപ്പോള്‍ സമരത്തിന് ക്ഷണിക്കുന്ന സിപിഎം
ചതിയന്മാരാണെന്നും ഷാജി തുറന്നടിച്ചു. യോജിച്ച സമരത്തെക്കുറിച്ച് പറയുന്ന സിപിഎം, കോണ്‍ഗ്രസിനെയല്ലേ ആദ്യം ക്ഷണിക്കേണ്ടതെന്ന വിമര്‍ശനവും ഷാജി ഉയര്‍ത്തി. ഇസ്ലാമിക ശരീഅത്തിനോടും വ്യക്തിനിയമങ്ങളോടുമുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്ന് സമസ്തയും ആവശ്യപ്പെട്ടതോടെ ക്ഷണത്തെ തള്ളാനോ കൊള്ളാനോ വയ്യാത്ത അവസ്ഥയിലായി മുസ്ലിം ലീഗ് നേതൃത്വം. എം വി ഗോവിന്ദന്റെ ക്ഷണം സിപിഎം ഒരുക്കിയ കെണിയാണെന്ന് ചര്‍ച്ച മാറിയതില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. നേതാക്കള്‍ക്കുള്ള മാധ്യമവിലക്ക് ഇതിന്റെ തുടര്‍ച്ചയാണെന്നാണ് സൂചന.
സിപിഎം സെമിനാറില്‍ മുസ്ലിം ലീഗ് എത്തുമോ?
ചെറുതുരുത്തിയിലെ ക്യാമ്പിനുശേഷവും സിപിഎമ്മിന്റെ ക്ഷണത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടില്ല. ക്യാമ്പിലെ തീരുമാനങ്ങളറിയിക്കാനുള്ള വാര്‍ത്താ സമ്മേളനത്തിലും സിപിഎം ക്ഷണം ലഭിച്ചശേഷം പറയാമെന്ന് ആവര്‍ത്തിക്കുകയായിരുന്നു പിഎംഎ സലാം. അന്തിമതീരുമാനം എടുത്തിട്ടില്ലെങ്കിലും പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഒന്നിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.
വ്യക്തിനിയമവും ശരീഅത്തുമായി ബന്ധപ്പെട്ട സിപിഎം നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സിപിഎമ്മിന്‍റെ മാറ്റം നല്ലതാണെന്നായിരുന്നു മറുപടി. വാളയാറിനപ്പുറം ഞങ്ങളെല്ലാം ഒന്നല്ലേയെന്നും പിഎംഎ സലാം ഓര്‍മിപ്പിച്ചു. പൊതുതാത്പര്യങ്ങളില്‍ യോജിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ തന്നെയാണ് മുസ്ലിം ലീഗ് ഔദ്യോഗിക നേതൃത്വം. പ്രതികരണ വിലക്കിലൂടെ എം കെ മുനീർ, കെ എം ഷാജി തുടങ്ങിയ നേതാക്കളെ നിയന്ത്രിച്ചാലും അണികളെ ഇക്കാര്യം ബോധ്യപ്പെടുത്തുക ലീഗ് നേതൃത്വത്തിന് മുന്നിലുള്ള കടമ്പയാണ്.