മുസ്ലീംലീഗ് - സമസ്ത തര്‍ക്കം: നേതാക്കൾ രണ്ടാം ഘട്ട ചർച്ച നടത്തി, പ്രശ്ന പരിഹാര ഫോർമുല ഉടൻ പ്രഖ്യാപിക്കും

മുസ്ലീംലീഗ് - സമസ്ത തര്‍ക്കം: നേതാക്കൾ രണ്ടാം ഘട്ട ചർച്ച നടത്തി, പ്രശ്ന പരിഹാര ഫോർമുല ഉടൻ പ്രഖ്യാപിക്കും

പ്രസിഡന്റ് ജിഫ്രി തങ്ങള്‍, ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമസ്തയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്
Updated on
1 min read

ഏക സിവില്‍ കോഡിനെതിരെ സിപിഎം നടത്തിയ സെമിനാറില്‍ സമസ്ത പങ്കെടുത്തതുള്‍പ്പടെയുള്ള ആനുകാലിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന്‌ സമസ്ത-മുസ്ലിംലീഗ് നേതാക്കള്‍ രണ്ടാം ഘട്ട ചർച്ച നടത്തി. പ്രശ്‌ന പരിഹാര ഫോര്‍മുല യോഗത്തിലുണ്ടായതായാണ് സൂചന. കൂടിക്കാഴ്ചയിലെടുത്ത തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, എം ടി അബ്ദുള്ള മുസ്ലിയാര്‍, പ്രൊഫസര്‍ ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം എല്‍ എ, ഡോ.ബഹാവുദ്ധീന്‍ നദ്വി, എ വി അബ്ദുറഹിമാന്‍ ഉസ്താദ്, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പി എം അബ്ദുസ്സലാം ബാഖവി, എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ് ജിഫ്രി തങ്ങള്‍, ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമസ്തയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

അതിനിടയില്‍ അനാരോഗ്യകരമായ ചര്‍ച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ആരില്‍ നിന്നും ഉണ്ടാവരുതെന്ന് നേതാക്കള്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം ലീഗിന്റേയും സമസ്തയുടേയും നേതാക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടാന്‍ തുടങ്ങിയപ്പോഴാണ് നേതൃത്വത്തിന്റെ ഇടപെടല്‍.

ഏക വ്യക്തിനിയമത്തിനെതിരെ നടന്ന സിപിഎം സെമിനാറില്‍ പങ്കെടുത്ത നടപടിയെ ന്യായീകരിച്ചായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. വീട് കത്തുമ്പോള്‍ അത് അണയ്ക്കാന്‍ വരുന്നവര്‍ കമ്മ്യൂണിസ്റ്റുകാരാണോ അല്ലയോ എന്ന് നോക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അഭിപ്രായ ഭിന്നത രൂപപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

logo
The Fourth
www.thefourthnews.in