'ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിവരക്കേടുകളുടെ കൂമ്പാരം'; നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് മുസ്ലിംലീഗ്

'ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിവരക്കേടുകളുടെ കൂമ്പാരം'; നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് മുസ്ലിംലീഗ്

കൂടുതല്‍ പഠനങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുന്നത് പോലും സമൂഹത്തില്‍ അപകടകരമായ വിദ്വേഷ പ്രചാരണത്തിനും തെറ്റിദ്ധാരണകള്‍ക്കും കാരണമാകും
Updated on
1 min read

യാതൊരു തരത്തിലുള്ള വിദഗ്ധ പഠനങ്ങളുമില്ലാത്ത വിവരക്കേടുകളുടെ കൂമ്പാരമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നും നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും മുസ്ലിംലീഗ്. സ്‌കൂള്‍ സമയമാറ്റം, കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിര്‍ദേശം, എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം, സംസ്ഥാന സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവെയ്ക്കല്‍ തുടങ്ങി ഒട്ടും പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളതെന്ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിലയിരുത്തി.

കൂടുതല്‍ പഠനങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുന്നത് പോലും സമൂഹത്തില്‍ അപകടകരമായ വിദ്വേഷ പ്രചാരണത്തിനും തെറ്റിദ്ധാരണകള്‍ക്കും കാരണമാകും. വിദ്യാഭ്യാസ മേഖലയുടെ ഗുണേമന്മയെ ഈ നിര്‍ദേശങ്ങള്‍ പ്രതികൂലമായി ബാധിക്കും. കാലങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ലീഗ് പറഞ്ഞു.

'ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിവരക്കേടുകളുടെ കൂമ്പാരം'; നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് മുസ്ലിംലീഗ്
ഹൈസ്കൂൾ ക്ലാസുകളിൽ ഇനി ഓൾ പാസില്ല, പരീക്ഷകളിൽ ജയിക്കാൻ മിനിമം മാർക്ക് വേണം; അംഗീകരിച്ച് മന്ത്രിസഭ

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ് സിക്ക് വിടുക, സ്‌കൂള്‍ സമയ മാറ്റം, പഠിക്കാന്‍ കുട്ടികളെ കിട്ടാത്ത സ്‌കളുകള്‍ തുടരേണ്ടതില്ല, സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് നിയന്ത്രണം തുടങ്ങി നിരവധി ശിപാര്‍ശകള്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മറ്റി. ഡോ. എം. എ ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഢന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായി സമിതി രൂപീകരിക്കപ്പെട്ടത് 2017 സെപ്റ്റംബറിലാണ്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാല്‍ കാലാവധി നീട്ടിക്കൊണ്ടേയിരുന്നു. സര്‍വ ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവ ലയിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കമ്മിറ്റിയുടെ നിയമനം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് സമിതിയുടെ പ്രധാന ചുമതല.

logo
The Fourth
www.thefourthnews.in