മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാം: ഹൈക്കോടതി
മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഇസ്ലാമിക നിയമം ഇത് അംഗീകരിക്കുന്നെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹ മോചന മാര്‍ഗമായ ഖുലയെ ആശ്രയിക്കാനുള്ള അവകാശം അംഗീകരിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സി എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുസ്ലീ സ്ത്രീകള്‍ക്ക് വിവാഹമോചനം തേടാനുള്ള മറ്റൊരു നിയമ സംവിധാനം ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഖുല അനുവദനീയമാണെന്നും കോടതി
ഭര്‍ത്താവ് സമ്മതം നല്‍കാന്‍ വിസമ്മതിക്കുമ്പോള്‍ ഭാര്യക്ക് വിവാഹമോചനം തേടാം. ഇത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും കോടതി ചൂണ്ടികാട്ടി. ഇതല്ലാതെ മുസ്ലീ സ്ത്രീകള്‍ക്ക് വിവാഹമോചനം തേടാനുള്ള മറ്റൊരു നിയമ സംവിധാനം ചൂണ്ടി കാണിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഖുല അനുവദനീയമാണെന്നും കോടതി വ്യക്തമാക്കി.
വിവാഹമോചനത്തിനായി സ്ത്രീക്ക് ജുഡീഷ്യല്‍ സംവിധാനത്തെ ആശ്രയിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയിലൂടെ മാത്രമുള്ള വിവാഹമോചനം ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടം ഹര്‍ജികളിലായിരുന്നു 2021 ഏപ്രിലില്‍ ഹൈക്കോടതി ചരിത്ര വിധി പ്രസ്താവിച്ചത്. ഈ ഉത്തരവിനെതിരെയായിരുന്നു പുനപരിശോധനാ ഹര്‍ജി നല്‍കിയത്.