'പ്രതികൾ അനാവശ്യ വിവാദമുണ്ടാക്കുന്നു'; മുട്ടിൽ മരംമുറി കേസ് അന്വേഷണച്ചുമതലയിൽനിന്ന് മാറ്റണമെന്ന് ഡിവൈ എസ് പി
മുട്ടില്‍ മരം മുറിക്കേസിന്റെ അന്വേഷണച്ചുമതലയിൽനിന്ന് മാറ്റണമെന്ന് താനൂര്‍ ഡിവൈ എസ് പി വി വി ബെന്നി. ഇക്കാര്യം ആവശ്യപ്പെട്ട് ബെന്നി ഡിജിപിക്ക് കത്ത് നൽകി. പ്രതികള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ തുടരാന്‍ കഴിയില്ലെന്നുമാണ് കത്തിൽ പറയുന്നത്.
കേസില്‍ കുറ്റപത്രം സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് അന്വേഷണച്ചുമതലയിൽനിന്ന് മാറ്റണമെന്ന് ബെന്നി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് ഡിവൈ എസ് പി ബെന്നിയാണ്.
സമീപകാലത്ത് താനൂരിലുണ്ടായ കസ്റ്റഡി കൊലപാതകം ചൂണ്ടിക്കാട്ടി ഡിവൈ എസ് പിയെ ലക്ഷ്യമിട്ട് മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള ചാനലിലൂടെ വാർത്തകൾ പുറത്തുവരുന്നതും അന്വേഷണച്ചുമതലയിൽനിന്ന് നീക്കണമെന്ന ആവശ്യത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2020 ഒക്ടോബർ 24ന് ഇറങ്ങിയ വിവാദ സർക്കാർ ഉത്തരവിന്റെ മറപറ്റിയാണഅ മുട്ടിലിൽനിന്ന് വിലകൂടിയ മരങ്ങൾ വെട്ടിമാറ്റുകയും കടത്തുകയും ചെയ്തയത്. നൂറുകണക്കിന് വർഷങ്ങളായി വെട്ടാതെ കിടന്ന മരങ്ങൾ പോലും സർക്കാർ ഉത്തരവ് മറയാക്കി വെട്ടിമാറ്റി. കണക്കുകൾ പ്രകാരം മുട്ടിൽ വില്ലേജിൽനിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.
കോടികളുടെ വനംകൊള്ള നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുറത്തുവന്നത്. തുടർന്നുനടന്ന അന്വേഷണത്തിൽ ആദിവാസികളായ ഭൂവുടമകൾ മരം മുറിക്കാൻ നൽകിയ അനുമതിയെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
104 മരങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാർ മുട്ടിലിൽനിന്ന് മുറിച്ചെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മുറിച്ച പല മരങ്ങൾക്കും മുന്നൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്ന് ഡി എൻ എ പരിശോധനയിൽ തെളിഞ്ഞിരുന്നു.