മുട്ടില്‍ മരം മുറി കേസില്‍ ചാരി റിപ്പോര്‍ട്ടര്‍ ടിവിയും മറ്റ് ചാനലുകളും തമ്മില്‍ പോര്

മുട്ടില്‍ മരം മുറി കേസില്‍ ചാരി റിപ്പോര്‍ട്ടര്‍ ടിവിയും മറ്റ് ചാനലുകളും തമ്മില്‍ പോര്

മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ അമരത്ത് എത്തിയപ്പോഴാണ് കേസ് മറ്റ് മാധ്യമങ്ങള്‍ വീണ്ടും സജീവമാക്കിയത്
Updated on
2 min read

കേരളത്തില്‍ വലിയ കോലാഹലം സൃഷ്ടിച്ച മുട്ടില്‍ മരം മുറിയെ ചാരി ചാനല്‍ യുദ്ധം. മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി പുനഃസംപ്രേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആദ്യം മാതൃഭൂമിയും പിന്നീട് ഏഷ്യാനെറ്റ് മീഡിയാവണ്‍, ന്യൂസ് 18 എന്നീ ചാനലുകളും കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. വാര്‍ത്തകള്‍ സജീവമായതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി, പ്രതികളും റിപ്പോര്‍ട്ടറിന്റെ നടത്തിപ്പുകാരുമായവരെ ന്യായീകരിക്കുന്ന വാര്‍ത്തകള്‍ ബ്രേക്കിങ് ന്യൂസായി നല്‍കി പ്രതിരോധിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടര്‍ ടിവി ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍ എന്നിവരും സഹോദരങ്ങളുമായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ മുഖ്യ പ്രതികളായ കേസിലാണ് മലയാളത്തിലെ പ്രമുഖ ചാനലുകള്‍ ചേരിതിരിഞ്ഞ് പരസ്യപ്പോരിന് ഇറങ്ങിയത്.

മരംമുറിക്കാന്‍ വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് റോജി അഗസ്റ്റിന്‍ സമീപിച്ചതെന്ന ആദിവാസി കര്‍ഷകരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 കേരള, മീഡിയവണ്‍ തുടങ്ങിയ ചാനലുകള്‍ മുട്ടില്‍ മരം മുറി വിഷയം ചര്‍ച്ചയാക്കിയത്

ഈ മാസം ഒന്നാം തീയതിയാണ് പുതിയ മാനേജ്‌മെന്റിന് കീഴില്‍ റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം തുടങ്ങിയത്. അതിന് ശേഷമാണ് ഒരു ഇടവേളയ്ക്ക് ശേഷം മുട്ടില്‍ മരം മുറിക്കേസ് സജീവമായത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ ഭൂവുടമകളുടെ പേരില്‍ നല്‍കിയ അപേക്ഷ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ ചില പത്രങ്ങളും ചാനലകളും വാര്‍ത്തകള്‍ നല്‍കിയത്.

മരംമുറിക്കാന്‍ വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് റോജി അഗസ്റ്റിന്‍ സമീപിച്ചതെന്ന് , ആദിവാസി കര്‍ഷകരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 കേരള, മീഡിയവണ്‍ തുടങ്ങിയ ചാനലുകള്‍ മുട്ടില്‍ മരം മുറി വിഷയം ചര്‍ച്ചയാക്കിയത്. തങ്ങളുടെ ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ഒരു തരത്തിലുമുള്ള അനുമതിപത്രത്തിലും ഒപ്പിട്ടിട്ടില്ലെന്ന ആദിവാസി കര്‍ഷകരായ വാഴവറ്റ കോളനിയിലെ വാളംവയല്‍ ബാലന്‍, ചന്തു എന്നിവരുടെ പ്രതികരണവും ചാനലുകള്‍ നല്‍കി.

''മരം മുറിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ട്, വില്ലേജ് ഓഫീസില്‍നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. കോളനിയില്‍നിന്ന് വേറെയും മരങ്ങള്‍ മുറിക്കുന്നുണ്ട്. നിങ്ങളുടെ മരം കൊടുക്കുന്നോ''- എന്നുപറഞ്ഞാണ് റോജി സമീപിച്ചതെന്ന് വാഴവറ്റ സ്വദേശിയായ ചന്തു പറയുന്നു. ബാലന്‍, ചന്തു എന്നിവരുടേത് ഉള്‍പ്പെടെ ഏഴുപേരുടെ അപേക്ഷകള്‍ റോജി അഗസ്റ്റിന്‍ വ്യാജ ഒപ്പിട്ട് സാക്ഷ്യപത്രത്തിനായി മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

മുട്ടിലില്‍ മരംമുറിച്ചത് വനത്തില്‍ നിന്നല്ലെന്ന നിലപാട് വനംവകുപ്പ് വയനാട് അഡി. ജില്ലാ കോടതിയിൽ അറിയിച്ചിട്ടുണ്ടെന്നും, കാട്ടില്‍ നിന്ന് മരംമുറിച്ചെന്ന് പറഞ്ഞ് കേസെടുത്ത വനംവകുപ്പിന്റെ വാദം പൊളിഞ്ഞെന്നുമായിരുന്നു റിപ്പോര്‍ട്ടറിന്റെ വാദം

മുട്ടില്‍ മരം മുറിയെന്ന വിവാദ കേസിനെ വയനാട് മരംമുറി കേസ് വിശേഷിപ്പിച്ചായിരുന്നു റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയത്. അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതിയായ കേസില്‍ മരം മുറിച്ചത് കാട്ടില്‍ നിന്നല്ലെന്ന് വനംവകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതിയിലെ രേഖകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടിവി വ്യക്തമാക്കി. മുട്ടിലില്‍ മരംമുറിച്ചത് വനത്തില്‍ നിന്നല്ലെന്ന നിലപാട് വനംവകുപ്പ് വയനാട് അഡി. ജില്ലാ കോടതിയിൽ അറിയിച്ചിട്ടുണ്ടെന്നും, കാട്ടില്‍ നിന്ന് മരംമുറിച്ചെന്ന് പറഞ്ഞ് കേസെടുത്ത വനംവകുപ്പിന്റെ വാദം പൊളിഞ്ഞെന്നുമായിരുന്നു റിപ്പോര്‍ട്ടറിന്റെ വാദം. കേസില്‍ കസ്റ്റഡിയിലെടുത്ത മരങ്ങള്‍ സംരക്ഷിക്കണമെന്ന കോടതിയുത്തരവ് പാലിക്കപ്പെടുന്നില്ലെന്ന ആരോപണവും ചാനല്‍ മുന്നോട്ടുവയ്ക്കുന്നു.

പട്ടയം ഭൂമിയില്‍നിന്നാണ് മരം മുറിച്ചതെന്ന് എ കെ ശശീന്ദ്രന്‍. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്നും മന്ത്രി

മരംമുറി കേസില്‍ മരം കണ്ടുകെട്ടിയ നടപടികള്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വയനാട് അഡി. ജില്ലാ കോടതിയാണ് അപ്പീല്‍ തീര്‍പ്പാകുന്നത് വരെ മരം കണ്ടുകെട്ടിയ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. തുടര്‍നടപടികളൊന്നും പാടില്ലെന്ന് ജനുവരി 12ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. എന്നുമാത്രമല്ല, കേസില്‍ കുറ്റപത്രം നൽകുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ തന്നെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. ചാനലുകളിലുടെ മുട്ടില്‍ മരം മുറി സജീവമായതിനെ തുടര്‍ന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണവുമായി രംഗത്തെത്തി. പട്ടയം ഭൂമിയില്‍നിന്നാണ് മരം മുറിച്ചതെന്ന് പറഞ്ഞ എ കെ ശശീന്ദ്രന്‍, കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പറഞ്ഞു.

വയനാട്ടിലെ മരംമുറി കള്ളക്കഥകള്‍ക്ക് പിന്നില്‍ ആരാണെന്ന ചോദ്യവും റിപ്പോര്‍ട്ടര്‍ ടിവി ഉയര്‍ത്താന്‍ ശ്രമിച്ചു. മരം മുറി കേസില്‍ നടന്നത് മാധ്യമ മാടമ്പിത്തരവും, സിനിമാക്കാരന്റെ കള്ളപ്പണവും എന്നനിലയില്‍ ആയിരുന്നു റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചകള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങളിലേക്ക് വാര്‍ത്ത ഇതുവരെ കടന്നില്ല. മുട്ടിലിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ മരം മുറിക്കപ്പെട്ട സ്ഥലങ്ങളുണ്ടെന്നും ഇതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ ഉന്നതര്‍ക്കും, സിനിമ മേഖലയിലെ ചിലര്‍ക്കും പങ്കുണ്ടെന്നും ചാനല്‍ ആരോപിച്ചു.

മുട്ടില്‍ മരം മുറി കേസുമായി 24 ഉം ചര്‍ച്ചകളുടെ ഭാഗമായി. വ്യാജരേഖയുള്‍പ്പെടെ വെളിപ്പെടുത്തല്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു 24 ന്യൂസ് വാര്‍ത്ത നല്‍കിയത്. നേരത്തെ മുട്ടില്‍ മരം മുറി കേസിലെ പ്രതികളെ സഹായിച്ചുവെന്ന ആരോപണം നേരിട്ട 24ലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ കുറച്ചു ദിവസം ചാനല്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. പ്രതികളെ സഹായിച്ച വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുവേണ്ടി പലരീതിയില്‍ ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം.

2020 ഒക്ടോബർ 24ന് വനം വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറിയാണ് വിവാദമായത്. പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവിന്റെ മറവിലാണ് തേക്ക്, ഈട്ടി പോലുളള മരങ്ങള്‍ വ്യാപകമായി മുറിച്ചത്. മുട്ടിലില്‍ മാത്രം 15 കോടി രൂപയുടെ മരം മുറിച്ചതായാണ് ആക്ഷേപം. ഇതിന് ചില വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സഹായം ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു

logo
The Fourth
www.thefourthnews.in