പിണറായിയുടെ വഴിയില്‍ എം വി ഗോവിന്ദന്‍, മന്ത്രിസഭയില്‍ നിന്ന് സെക്രട്ടറി പദവിയിലേക്ക്
സിപിഎം രൂപീകരിക്കപ്പെട്ടതിന് ശേഷം വി എസ് അച്യുതാനന്ദ നും ഇ എം എസ്സും ഒഴികെ മറ്റെല്ലാ സെക്രട്ടറിമാരും കണ്ണൂരുകാരായിരുന്നു. ആദ്യ സെക്രട്ടറി സി എച്ച് കണാരാന്‍, പിന്നീട് എ കെ ഗോപാലൻ, ഇഎംഎസ് ഇ കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപ്പോള്‍ എം വി ഗോവിന്ദനും. ഇതിനിടയില്‍ വി എസ് അച്യുതാനന്ദനും ഇഎംഎസ്സും സെക്രട്ടറിയായപ്പോഴാണ് പാര്‍ട്ടിയിലെ സംസ്ഥാനത്തെ പരമോന്നത പദവി കണ്ണൂരിനപ്പുറം പോയത്.
എം വി ഗോവിന്ദന്‍ സെക്രട്ടറിയായതോടെ ചരിത്രം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. സംസ്ഥാന സെക്രട്ടറി ഒരു സാഹചര്യത്തിലും മന്ത്രിയായി തുടരില്ല. അതുകൊണ്ട് അദ്ദേഹം രാജിവെയ്ക്കും. 1998 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ , ഇ കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു പിണറായി വിജയന്‍. ആ സ്ഥാനം രാജിവെച്ചാണ് പിണറായി സംസ്ഥാന സെക്രട്ടറിയായത്. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘകാലം സെക്രട്ടറിയായി പിണറായി വിജയന്‍ മാറിയതിന്റെ തുടക്കം അങ്ങനെയായിരുന്നു. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്ന് രാജിവെച്ച് എം വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ ചരിത്രം ആ രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നു. പാര്‍ട്ടി നേതൃത്വം വീണ്ടും കണ്ണൂരില്‍നിന്ന് തന്നെ എന്ന സംഗതിയും ആവര്‍ത്തിക്കപ്പെടുന്നു
പാര്‍ലമെന്ററി രംഗത്തുള്ളതിനെക്കാള്‍ കൂടുതല്‍ കാലം സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച അനുഭവത്തിന്റെ കരുത്തുമായാണ് എം വി ഗോവിന്ദന്‍ സിപിഎമ്മിന്റെ അമരത്ത് എത്തുന്നത്.
പാര്‍ട്ടി ക്ലാസുകളിലെ സ്ഥിര അധ്യാപകനായ എം വി ഗോവിന്ദന്‍, വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റായാണ് അറിയപ്പെടുന്നത്. 1970 ലാണ് കായികാധ്യാപകൻ കൂടിയായ എം വി ഗോവിന്ദൻ പാര്‍ട്ടി അംഗമായത്. അടിയന്തരാവസ്ഥ കാലത്ത് സിപിഎം നേതാക്കള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് ഗോവിന്ദനും ജയിലിടക്കപ്പെട്ടു. 1991 ലാണ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയ ഗോവിന്ദന്‍ 2006 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേന്ദ്രകമ്മിറ്റിയിലുമെത്തി.
കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ നിലനിന്ന 2002 കാലഘട്ടത്തില്‍ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായി. തളിപ്പറമ്പ് മണ്ഡലത്തില്‍നിന്ന് 1996 ല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗോവിന്ദൻ പാര്‍ലമെന്ററി രംഗത്തെത്തുന്നത്. പിന്നീട് 2001 ലും 21 ലുമാണ് അദ്ദേഹം എംഎൽഎയാകുന്നത്. പാര്‍ലമെന്ററി രംഗത്തുള്ളതിനെക്കാള്‍ കൂടുതല്‍ കാലം സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച അനുഭവത്തിന്റെ കരുത്തുമായാണ് എം വി ഗോവിന്ദന്‍ സിപിഎമ്മിന്റെ അമരത്ത് എത്തുന്നത്.
സൗമ്യനായ കമ്മ്യൂണിസ്റ്റായി അറിയപ്പെടുന്ന എം വി ഗോവിന്ദന്‍, എം വി രാഘവനോട് അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു. എം വി രാഘവന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താകുന്നതിന് മുമ്പുള്ള കാലത്ത് ഗോവിന്ദന് അദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്തി. ഇത് അക്കാലത്ത് വലിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.
വി എസ് അച്യുതാനന്ദന്‍ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സിപിഎമ്മിന്റെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തും അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു എം വി ഗോവിന്ദന്. കണ്ണൂരില്‍ വിഎസ്സിന് അടുപ്പമുണ്ടായിരുന്ന ചുരുക്കം ചില നേതാക്കളിലൊരാളാണ് ഗോവിന്ദന്‍.
എറണാകുളത്ത് പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയതായണെന്ന് സംസ്ഥാന നേതൃത്വം കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടുത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സെക്രട്ടറിയായും ഗോവിന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാര്‍ട്ടിയും സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ചുരുങ്ങി എന്ന ആക്ഷേപം കേള്‍ക്കുന്ന കാലത്ത് എം വി ഗോവിന്ദന്‍ എന്ന സൗമ്യനും എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്നും തോന്നിപ്പിക്കുകയും ചെയ്യുന്ന നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് മട്ടിലാകുമെന്നത് സിപിഎമ്മിനെ സംബന്ധിച്ചും സംസ്ഥാന രാഷ്ട്രീയത്തെ സംബന്ധിച്ചും നിര്‍ണായകമാണ്.
പാര്‍ട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞ് ആറ് മാസം മാത്രമാകുമ്പോഴാണ് പുതിയ സെക്രട്ടറിയെ സിപിഎമ്മിന് കണ്ടെത്തേണ്ടി വരുന്നത്. തുടര്‍ഭരണത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാണെന്ന വിമര്‍ശനം പാര്‍ട്ടി കമ്മിറ്റികളില്‍നിന്നുതന്നെ ഉയരുന്ന കാലത്താണ് ഗോവിന്ദന്‍ അമരത്തെത്തുന്നത്. കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി പിന്തുടരുന്ന എം വി ഗോവിന്ദന് സര്‍ക്കാരില്‍ എത്രത്തോളം പാര്‍ട്ടിയുടെ സ്വാധീനം ഉറപ്പിക്കാന്‍ കഴിയുമെന്നതാണ് ചോദ്യം. പാര്‍ട്ടിയും സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ചുരുങ്ങി എന്ന ആക്ഷേപം കേള്‍ക്കുന്ന കാലത്ത് എം വി ഗോവിന്ദന്‍ എന്ന സൗമ്യനും എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്നും തോന്നിപ്പിക്കുകയും ചെയ്യുന്ന നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് മട്ടിലാകുമെന്നത് സിപിഎമ്മിനെ സംബന്ധിച്ചും സംസ്ഥാന രാഷ്ട്രീയത്തെ സംബന്ധിച്ചും നിര്‍ണായകമാണ്. അടുത്തു തന്നെ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഗോവിന്ദന്‍ ഏത് രീതിയില്‍ സ്വാധീനം ചെലുത്തുമെന്നതും പ്രധാനമാണ്.