വ്യാജരേഖ ആരുണ്ടാക്കിയാലും അംഗീകരിക്കാനാവില്ല; വിദ്യയുടെ അറസ്റ്റ് നടന്നത് കൃത്യമായ സമയത്തെന്ന് എം വി ഗോവിന്ദന്‍

വ്യാജരേഖ ആരുണ്ടാക്കിയാലും അംഗീകരിക്കാനാവില്ല; വിദ്യയുടെ അറസ്റ്റ് നടന്നത് കൃത്യമായ സമയത്തെന്ന് എം വി ഗോവിന്ദന്‍

ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല
Updated on
1 min read

വ്യാജരേഖ ആരുണ്ടാക്കിയാലും അംഗീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പോലീസ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐയെ കുറ്റപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ അത് ശരിയല്ലെന്നും, കൃത്യമായ സമയത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റ് ചെയ്ത കെഎസ് യുക്കാരനെ വിഡി സതീശനും കെ. സുധാകരനും സംരക്ഷിക്കുന്നതുപോലെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല

തെറ്റ് ചെയ്ത കെ എസ് യുക്കാരനെ വിഡി സതീശനും കെ. സുധാകരനും സംരക്ഷിക്കുന്നതുപോലെ പാര്‍ട്ടി ആരെയും സംരക്ഷിക്കില്ല. തെറ്റായ ആ പ്രവണതയെ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഒളിവില്‍ കഴിഞ്ഞവരെ സി പിഎമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അത് പോലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ന്യായമായതും, ശരിയായതും ജനങ്ങള്‍ അംഗീകരിക്കുന്നതുമായ കാര്യങ്ങള്‍ മാത്രമേ പാര്‍ട്ടിക്കും അംഗീകരിക്കാനാവൂ. കെഎസ് യു നേതാവിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എസ് എഫ്ഐക്കാരാണെന്ന് പറയുന്നവരോട് പിന്നെ എന്താണ് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

വാര്‍ത്ത വായിച്ചതിനല്ല വാര്‍ത്തയുണ്ടാക്കിയതിനാണ് കേസ്

ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ബിജെപിയും , കോണ്‍ഗ്രസും ശ്രമിക്കുന്നത്. അതില്‍ ഗവര്‍ണര്‍ കൂടി പങ്കാളിയായെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. പത്രപ്രവര്‍ത്തനത്തിന് പുതിയ രീതി പഠിക്കണം, ഫാസിസ്റ്റ് രീതിയല്ല പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു

പ്രിയാ വര്‍ഗീസിന് എതിരായ വിധി മാധ്യങ്ങള്‍ക്കെതിരായ വിധിയാണ്. പാര്‍ട്ടിക്ക് ഒന്നും മൂടി വയ്ക്കേണ്ട ആവശ്യം ഇല്ല. കേരളത്തില്‍ ഒരുതരത്തിലുള്ള മാധ്യമ വേട്ടയുമില്ലെന്ന് വ്യക്തമാക്കിയ എം വി ഗോവിന്ദന്‍ വാര്‍ത്ത വായിച്ചതിനല്ല വാര്‍ത്തയുണ്ടാക്കിയതിനാണ് കേസെന്നും കൂട്ടിച്ചേർത്തു

logo
The Fourth
www.thefourthnews.in