'അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലി, പാര്‍ട്ടിയെ അറിയില്ല'; രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

'അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലി, പാര്‍ട്ടിയെ അറിയില്ല'; രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

അന്‍വറിന്റെ നിലപാടിനെതിരേ ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണമെന്നും ഗോവിന്ദന്‍ പറഞ്ഞു
Updated on
1 min read

മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേ പരസ്യപോര്‍മുഖം തുറന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലിയായി മാറിയെന്നും പ്രതിപക്ഷത്തിന്റെ കളിപ്പാവയാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന അന്‍വറിന് സിപിഎമ്മിനെയും അതിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചും ഒരു ധാരണയുമില്ലെന്നും വ്യക്തമായതായി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎമ്മിനെ തകര്‍ക്കാന്‍ കാലങ്ങളായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ പിന്നില്‍ അണിനിരക്കുന്ന ചില മാധ്യമങ്ങളും പ്രചാരണം നടത്തി വരികയാണ്. അത് ഏറ്റുപിടിക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അന്‍വറിന്റെ നിലപാടിനെതിരേ ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

''അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലിയാണ്, പ്രതിപക്ഷത്തിന്റെ കളിപ്പാവയെന്ന പോലെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. ഇതിനെതിരേ പാര്‍ടിയെ സ്‌നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അന്‍വറിന്റെ നിലപാടുകളും പ്രസ്താവനകളും പരിശോധിച്ചാല്‍ അദ്ദേഹത്തിന് സിപിഎമ്മിനെക്കുറിച്ചോ പാര്‍ട്ടിയുടെ സംഘടനാ സംവിധാനനത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നു വ്യക്തമാണ്''- ഗോവിന്ദന്‍ പറഞ്ഞു.

അന്‍വറിന്റെ പരാതികള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായാണ് എടുത്തതെന്നും പരാതിയിന്മേല്‍ അന്വേഷണവും പ്രഖ്യാപിച്ചതാണെന്നും എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ അന്‍വര്‍ ഇപ്പോള്‍ നടത്തുന്ന വിമര്‍ശനങ്ങളും പ്രസ്താവനകളും ചില അജന്‍ഡ പ്രകാരമാണെന്നു വ്യക്തമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ''അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ ഒരുമാസത്തിനകം അന്വേഷണം നടത്തി പരിഹരിക്കാമെന്നാണ് സര്‍ക്കാരും പാര്‍ട്ടിയും ഉറപ്പുനല്‍കിയത്. എന്നാല്‍ അതില്‍ തൃപ്തനാകാതെ അദ്ദേഹം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ചില ഗൂഡ അജന്‍ഡകളുടെ ഭാഗമാണ്''- ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടിയെ തകര്‍ക്കാന്‍ അന്‍വറിനെ പോലെ പലരും മുമ്പും ശ്രമിച്ചിട്ടുണ്ട്. അതിന് ചില മാധ്യമങ്ങളും കൂട്ടുനിന്നിട്ടുണ്ട്. ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള സിപിഎം മുഖ്യമന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിമാരും ഇത് നേരിട്ടുട്ടള്ളതണ്. എന്നിട്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും പാര്‍ട്ടി ഇങ്ങനെ തന്നെയുണ്ടാകും. ജനങ്ങളാണ് പാര്‍ട്ടിയുടെ കരുത്ത്''- ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ താന്‍ മാത്രമേയുള്ളു എന്നാണ് അന്‍വര്‍ പറയുന്നത്. എന്നാല്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു തന്നെയാണ് സിപിഎം കേരളത്തില്‍ വളര്‍ന്നത്. ആ പാര്‍ട്ടിയെ തകര്‍ക്കാന്‍ അന്‍വറിനെപ്പോലൊരാള്‍ വിചാരിച്ചാല്‍ നടക്കില്ല. ഇടതുമുന്നണി വിട്ടെന്നാണ് അന്‍വര്‍ ഇപ്പോള്‍ പറയുന്നത്. അദ്ദേഹം അത് പ്രഖ്യാപിച്ച ശേഷമാണ് അന്‍വര്‍ ഇടതുമുന്നണി വിട്ടെന്നു പാര്‍ട്ടി പോലും പറയുന്നത്- ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in