ജിഎസ്ടി തർക്കം മുറുകുന്നു; ഐജിഎസ്ടി കുടിശിക സംസ്ഥാനം വിശദീകരിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി
ജിഎസ്ടി വിഷയത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന് മറുപടിയുമായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി. അന്തര്‍ സംസ്ഥാന വില്പനയില്‍ ഈടാക്കുന്ന നികുതി(ഐജിഎസ്ടി) സംബന്ധിച്ച ചോദ്യമാണ് ലോക്‌സഭയില്‍ ഉന്നയിച്ചതെന്നും ജി എസ് ടി നഷ്ടപരിഹാത്തെ കുറിച്ചല്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തുന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കേന്ദ്രവുമായി ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച് തര്‍ക്കമില്ലെന്നും ഇല്ലാത്ത തര്‍ക്കമുണ്ടെന്ന് വരുത്തി തീര്‍ക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനെന്നുമുള്ള മന്ത്രി കെഎന്‍ ബാലഗോപാലിന്‌റെ പ്രതികരണത്തിനാണ് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ മറുപടി.
തിങ്കളാഴ്ച ലോക്‌സഭയിലാണ് എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് കേരളത്തെ വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ മറുപടി നല്‍കിയത്. കേരളം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നില്ലെന്നും രേഖകള്‍ നല്‍കിയാല്‍ ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കുമെന്നുമായിരുന്നു മറുപടി. എന്നാല്‍ രേഖകള്‍ കൃത്യമായി നല്‍കുന്നുണ്ടെന്നും കേന്ദ്രം ഇതുവരെ ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയത് അതുകൊണ്ടെന്നും സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരിച്ചടിച്ചു. ഒരു ഗഡു നഷ്ടപരിഹാരത്തുക മാത്രമാണ് ലഭിക്കാനുള്ളത്. നിര്‍മലാസീതാരാമന്റെ ഉത്തരത്തിന് ആധാരമായ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യം തെറ്റിദ്ധരിപ്പിക്കുന്നതെന്നും കെഎന്‍ ബാലഗോപാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
''കേരളത്തിന് ഐ ജി എസ് ടി ഇനത്തില്‍ 5,000 കോടി രൂപ വരെ പ്രതിവര്‍ഷം നഷ്ടമാകുന്നു എന്ന്, എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശമായി കേരളത്തിലെ പ്രധാന മാധ്യമം 2023 ഫെബ്രുവരി 6 നു റിപ്പോര്‍ട്ട് ചെയ്തിരുന്നു.കേന്ദ്രം സംസ്ഥാനങ്ങള്‍ക്കായി ഐ ജി എസ് ടി നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നു എന്ന് സര്‍ക്കാരിന്റെ തന്നെ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് പൂര്‍ണമായും നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു എന്ന് സിപിഎം നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. ഈ രണ്ടു കാര്യത്തില്‍ വ്യക്തത വരുത്തി സംസ്ഥാനത്തിന് അര്‍ഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് ഞാന്‍ സഭയില്‍ നടത്തിയത്.'' എന്‍ കെ പ്രേമചന്ദ്രന്‍ വിശദീകരിച്ചു.
ഐജിഎസ്ടി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട തുക ലഭ്യമാകുന്നില്ല എന്നത് വസ്തുതയാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് കേന്ദ്ര ധനമന്ത്രി കേരളം 2017 മുതല്‍ അഞ്ച് വര്‍ഷമായി എ ജി സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നില്ല എന്ന് പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐജിഎസ്ടി ഇനത്തില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ ? ഇല്ലെങ്കില്‍ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങളും എം പി മന്ത്രിയോട് ചോദിക്കുന്നു.