ചരിത്രപോരാട്ടത്തിന് അംഗീകാരം; എൻ രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യുസിസിക്ക്
നാലാമത് എൻ രാജേഷ് സ്മാരക പുരസ്കാരം സിനിമ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിക്ക്. മുതിർന്ന മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാവുമായിരുന്ന എൻ രാജേഷിന്റെ സ്മരണാർഥം മാധ്യമം ജേണലിസ്റ്റ് യൂണിയൻ (എം ജെ യു) ഏർപ്പെടുത്തിയ പുരസ്കാരമാണിത്.
നടി അക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ ഉയർത്തിക്കാണിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട സംഘടനയാണ് വിമൻ ഇൻ സിനിമ കളക്റ്റീവ്. ലൈംഗികചൂഷണമുൾപ്പെടെ തൊഴിലിടത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ അന്വേഷണമാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടതിന്റെ പിന്നാലെയാണ് ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്.
ഡബ്ല്യുസിസിയുടെ നേതൃത്വത്തിൽ ഒരുപറ്റം സ്ത്രീകൾ നിശ്ചയദാർഢ്യത്തോടെ നിന്നതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതും സിനിമരംഗത്തെ പ്രശ്നങ്ങൾ വിശദമായിത്തന്നെ പൊതുസമൂഹത്തിൽ ചർച്ചയായതും.
ഇത്തരത്തിൽ, ഒരു മേഖലയെത്തന്നെ അടിമുടി ഉടച്ചുവാർക്കുന്ന മാറ്റത്തിന് തുടക്കം കുറിച്ചവർ എന്നരീതിയിലാണ് ഡബ്ല്യുസിസി പുരസ്‌കാരത്തിന് അർഹരായത്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
സെപ്റ്റംബർ ഒൻപതിനു രാവിലെ പത്തിനു കോഴിക്കോട് ചൈതന്യ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുരസ്കാരം സമ്മാനിക്കും. ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ മുഖ്യപ്രഭാഷണവും മാധ്യമപ്രവർത്തക സോഫിയ ബിന്ദ് എൻ രാജേഷ് സ്മാരകപ്രഭാഷണവും നടത്തും.